
വാഷിംഗ്ടൺ: അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടെ ആർട്ടെമിസ് - 1 വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.17നാണ് ആർട്ടെമിസ് കുതിച്ചത്. ദൗത്യത്തിന് ഉപയോഗിച്ച ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) ആളില്ലാ പേടകമായ 'ഒറിയോണി"നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ഒറിയോൺ ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് തിരികെ പസഫിക് സമുദ്രത്തിൽ പതിക്കും.
നീണ്ട അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് മിഷന്റെ ഭാഗമാണ് ആർട്ടെമിസ് - 1. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ് - III യ്ക്ക് മുന്നോടിയായുള്ള റിഹേഴ്സലാണ് ആർട്ടെമിസ് - I.
1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. ആർട്ടെമിസ് 1ന്റെ ഒറിയോൺ ക്രൂ മൊഡ്യൂളിന് നാല് അംഗങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
ഒറിയോണിനെയാണ് ആർട്ടെമിസ് മിഷനിലുടനീളം ഉപയോഗിക്കുന്നത്. 'ക്യൂബ്‌സാറ്റ്സ് " എന്ന 10 ഇത്തിരിക്കുഞ്ഞൻ ഉപഗ്രഹങ്ങൾ. കമാൻഡർ മൂണികിൻ കാംപോസ്, ഹെൽഗ, സോഹർ എന്നീ പ്രത്യേക സെൻസറുകൾ ഘടിപ്പിച്ച മൂന്ന് ഡമ്മി 'യാത്രക്കാർ" ( മനുഷ്യ യാത്രയ്ക്ക് മുന്നോടിയായി ഒറിയോണിന്റെ സംവിധാനങ്ങൾ പരിശോധിക്കാനും വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള ആൾ രൂപങ്ങൾ ), മറ്റ് വിവിധ സെൻസറുകൾ എന്നിവയും ഒറിയോണിലുണ്ട്.
 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്
322 അടി ഉയരമുള്ള എസ്.എൽ.എസ് റോക്കറ്റിൽ നിന്ന് വേർപെടുന്ന ഒറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പരിക്രമണം ചെയ്യും. ഭൂമിയിൽ നിന്ന് 280,000 മൈൽ സഞ്ചരിക്കുന്ന ഒറിയോൺ ചന്ദ്രന്റെ വിദൂര വശത്തിന് അപ്പുറത്തേക്ക് 40,000 മൈൽ യാത്ര ചെയ്യും. ശേഷം, ഡിസംബർ 11ന് ഇന്ത്യൻ സമയം രാത്രി 11.12ന് ( ആസൂത്രണം ചെയ്തിരിക്കുന്ന സമയം ) സാൻഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തിൽ തിരികെ പതിക്കും.
മണിക്കൂറിൽ 24,500 മൈൽ വേഗതയിലായിരിക്കും മൊത്തം 13 ലക്ഷം മൈൽ സഞ്ചരിച്ച ഒറിയോൺ പേടകം തിരികെ ഭൂമിയിൽ പതിക്കുക. തിരിച്ചുവരവിന് തൊട്ടുമുമ്പ് ബഹിരാകാശത്ത് വച്ച് ഒറിയോണിന്റെ സർവീസ് മോഡ്യൂൾ വേർപെടുകയും ഒറിയോണിന്റെ ക്രൂ മൊഡ്യൂൾ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുകയും ചെയ്യുന്നു.
ലക്ഷ്യങ്ങൾ
 നാല് യാത്രികരുമായി ആർട്ടെമിസ് - IIൽ 2024ൽ ഉണ്ടായേക്കും. ചന്ദ്രന്റെ അടുത്തുകൂടി പറക്കുന്ന പേടകം ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും
 ആർട്ടെമിസ് - III നാല് യാത്രികരുമായി ചന്ദ്രോപരിതലത്തിലിറങ്ങും. 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ചന്ദ്രനിൽ ആദ്യമായി ഒരു വനിത, കറുത്ത വർഗ്ഗ വ്യക്തി എന്നിവരെ എത്തിക്കും
 തുടർന്നുള്ള ആർട്ടെമിസ് ദൗത്യങ്ങളിലൂടെ ചന്ദ്രനിൽ ഒരു സ്ഥിര ബേസ് ക്യാമ്പ് സ്ഥാപിക്കും. ഇവിടെ നിന്ന് ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾ സുഗമമാക്കുകയാണ് ലക്ഷ്യം
 വിക്ഷേപണം മുടങ്ങിയത് നാല് തവണ
നാല് തവണയാണ് ആർട്ടെമിസ് 1ന്റെ വിക്ഷേപണം മുടങ്ങിയത്. ആഗസ്റ്റ് 29, സെപ്തംബർ 3 തീയതികളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപണം മാറ്റിയിരുന്നു. സെപ്തംബർ 27ന് നടത്താനിരുന്നു വിക്ഷേപണം ഇയാൻ കൊടുങ്കാറ്റിന്റെയും നവംബർ 14ന് നടത്താനിരുന്ന വിക്ഷേപണം നിക്കോൾ ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ മാറ്റിവച്ചു.