udf

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിന് പിന്നാലെ യുഡിഎഫ് ഭരണകാലയളവിലെ ശുപാർശ കത്തുകളും പുറത്ത്. നിയമനത്തിനായി മന്ത്രിമാരും എംഎൽഎമാരും എംപിമാരും കോൺഗ്രസ് നേതാക്കളുമടക്കമയച്ച കത്തുകൾ ഇടത് സൈബർ ഗ്രൂപ്പുകൾ മുഖേനേയാണ് പുറത്ത് വന്നത്. നഗരസഭാ വിവാദം പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെ, പുറത്ത് വന്ന കത്തുകൾ വഴി പ്രതിരോധമൊരുക്കാനാണ് സൈബർ ഗ്രൂപ്പുകളുടെ ശ്രമമെന്നാണ് വിവരം.

അഭിഭാഷക നിയമനത്തിനായി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയ്ക്കടക്കം കെസി വേണുഗോപാൽ, ,എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അയച്ചതെന്ന് പറയപ്പെടുന്ന കത്തുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ആലപ്പുഴയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന എസ്.ഷെഫീഖിനെ കായകുളത്തേക്ക് മാറ്റി നിയമിക്കണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാൽ നൽകിയ കത്തും. തൃശൂര്‍ ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഡിസിസി മെമ്പര്‍ അഡ്വ.സി.ടി ജോഫിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ നൽകിയ കത്തും. യൂത്ത്‌കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റിനെ മൂവാറ്റുപുഴ സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമമെന്നാവശ്യപ്പെട്ട് പിസി വിഷണുനാഥ് നൽകിയ കത്തും അടക്കമുള്ളവ ഇക്കൂട്ടത്തിൽ പെടുന്നു. കത്തുകൾ പുറത്ത് വന്നെങ്കിലും വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇത് വരെ പ്രതികരണമറിയിച്ചിട്ടില്ല.