
ദോഹ; ലോകകപ്പിൽ ഏറെ പ്രതീക്ഷ ഉയർത്തുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. 35 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ടീം ഖത്തർ ലോകകപ്പിനായി എത്തിയത്. ഇതിഹാസതാരം ലിയോണൽ മെസി ടീമിനും നൽകുന്ന പ്രതീക്ഷകൾ ചെറുതൊന്നുമല്ല. നേരത്തെ ഫ്രഞ്ച് താരം ലൂക്ക മോഡ്രിച്ച്,സ്പാനിഷ് പരിശീകൻ ലൂയിസ് എന്റ്വികെ എന്നിവരെല്ലാം അർജന്റീന ലോകകപ്പ് ഉയർത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണിയെയാണ്.
ഇപ്പോഴിതാ മുൻ ഇറ്റാലിയൻ താരം ക്രിസ്റ്റിയാൻ പനൂച്ചിയും ഈ അഭിപ്രായങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഖത്തറിൽ നടക്കാൻ പോകുന്ന ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ സാദ്ധ്യത കുടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമ അഭിമുഖത്തിലാണ് ക്രിസ്റ്റിയാൻ പനൂച്ചി ഇത് അറിയിച്ചത്. എന്നാൽ ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതിൽ വിഷമമുണ്ടെന്നും ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലിന് വൻ ആരാധക പിന്തുണയുണ്ടെന്നും അവർ ശക്തമായ പോരാട്ടം നടത്തുമെന്നും. അതോടൊപ്പം ക്രിസ്റ്റ‌്യാനോ റൊണാൾഡോയുടെ സാന്നിധ്യം പോർച്ചുഗലിനെ വേറിട്ടതാക്കുമെന്നും പനൂച്ചി പറഞ്ഞു. 37 വയസായെങ്കിലും ക്രിസ്റ്റിയാനോയുടെ കഴിവിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2002 ലോകകപ്പിലെ അസൂറിപ്പടയിലെ അംഗമായിരുന്നു പനൂച്ചി. ഇറ്റലിക്കായി 57 മത്സരങ്ങളിൽ പ്രതിരോധനിരയിൽ കളിച്ചിട്ടുണ്ട്.