
ന്യൂയോർക്ക് : 2024 ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇത് മൂന്നാം തവണയാണ് ട്രംപ് മത്സരത്തിനൊരുങ്ങുന്നത്. മത്സരത്തിന് മുന്നോടിയായുള്ള രേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ട്രംപിന്റെ ടീം തുടക്കമിട്ടു.
ഫ്ലോറിഡയിൽ നടന്ന പരിപാടിയിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും മത്സരിക്കുമോ എന്നാണ് ഇപ്പോൾ ചർച്ചാ വിഷയം. അതേ സമയം, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തുടങ്ങിയവർ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന സ്ഥാനാർത്ഥിത്വ മത്സരത്തിൽ ട്രംപിന്റെ എതിരാളികളായേക്കുമെന്നാണ് സംസാരം. മിഡ് ടേം തിരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ ഡിസാന്റിസിന് ജനപ്രീതിയേറിയിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുമോ എന്ന് ഡിസാന്റിസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേ സമയം, യു.എസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർ വിജയം ഉറപ്പിച്ചു. 217 സീറ്റുള്ള റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമായ 218ലെത്താൻ ഒരു സീറ്റ് മാത്രം മതി. സെനറ്റ് ഡെമോക്രാറ്റുകൾക്ക് കൈവിട്ടതിന്റെ ക്ഷീണം സഭ പിടിച്ചെടുത്ത് തീർക്കാനാണ് റിപ്പബ്ലിക്കൻമാരുടെ ഒരുക്കം. 435 അംഗ സഭയിൽ 209 സീറ്റുകളാണ് ഡെമോക്രാറ്റുകൾക്ക് ഇതുവരെ ലഭിച്ചത്. വിജയം ഉറപ്പിച്ചതോടെ സഭയുടെ പുതിയ സ്പീക്കർ നോമിനിയായി കെവിൻ മക്കാർത്തിയെ റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുത്തു.