burp

ദിവസേനെ ഏമ്പക്കം വിടാത്തവരായി ആരാണുള്ളത്. സാധാരണയായി ഭക്ഷണശേഷമോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ വൈകുമ്പോഴോ ഏമ്പക്കം വരുന്നത് പതിവാണ്. നാം കഴിയ്ക്കുന്ന ഭക്ഷണത്തിനൊപ്പം ഉള്ളിലേയ്‌ക്കെത്തുന്ന വായു ആസിഡുമായി പ്രവർത്തിച്ച് പുറന്തള്ളപ്പെടുന്നതാണ് ഏമ്പക്കത്തിന് പിന്നിലെ കാരണം എന്ന് പറയാം. നമ്മുടെ അന്നനാളത്തിലെ പേശികളാണ് വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന വായു പുറത്ത് പോകാതെ നോക്കുന്നത്. ഈ ഗ്യാസ് അളവിലധികമായി മാറുന്നതോടെ പ്രകമ്പനമുണ്ടാക്കിയാണ് ഏമ്പക്കത്തിന്റെ രൂപത്തിൽ പുറത്ത് പോകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏമ്പക്കം ചിലപ്പോൾ വേറെ ചില ആരോഗ്യ കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്.


അമിതമായി ഗ്യാസ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് ചിലരിൽ ഇടയ്ക്കിടയ്ക്ക് ഏമ്പക്കം ഉണ്ടാകാറുണ്ട് ഇത് അത്ര ഗൗരവകരമായ ഒന്നല്ല. ഏറോഫോബിയ എന്ന അവസ്ഥയുള്ളവരിൽ ഇത്തരത്തിൽ അമിതമായി ഗ്യാസ് ഉത്പാദനം നടക്കും. അിതമായി ച്യൂയിംഗം ചവയ്ക്കുന്നതും കോള, സോഡ പോലുള്ള പാനിയങ്ങൾ മൂലവും അമിതമായി ഗ്യാസ് ശരീരത്തിൽ അടിയാം.

അമിതമായി സ്ട്രെസ് അനുഭവിക്കുന്ന സമയങ്ങളിൽ ചിലരിൽ ഏമ്പക്കം വരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ഇത്തരം സമയങ്ങളിൽ ശ്വസന സംബന്ധമായ ലഘു വ്യായാമങ്ങൾ ചെയ്യുന്നതായിരിക്കും ഉചിതം. ഡയഫ്രം ഭാഗത്തെ പേശികളിൽ അയവ് വരാൻ ഇത് ഏറെ സഹായകരമാകും. ഈ സമയങ്ങളിൽ ഭക്ഷണവും പാനീയവും അമിതമാകാതെ ഒഴിവാക്കാനും ശ്രമിക്കണം. അഥവാ ഭക്ഷണം കഴിച്ചാൽ തന്നെയും ചൂടോട് കൂടി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.

ഹയാ​റ്റസ് ഹെർണിയ ഉള്ളവർക്കും ഏമ്പക്കം പതിവിൽ കൂടുതലായി ഉണ്ടാകാറുണ്ട്. ഇത്തരക്കാർക്ക് ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ നെഞ്ചിന്റെ ഭാഗത്ത് തടഞ്ഞ് നിൽക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത്തരം അവസ്ഥയുണ്ടായാൽ ‌‌‌‌‌‌‌‌ഡോക്ടറെ സന്ദർശിച്ച് ചികിത്സ നേടുന്നതായിരിക്കും ഉചിതം.