biden

ജക്കാർത്ത : പടികയറുന്നതിനിടെ കാൽ ഇടറി വീഴാനൊരുങ്ങിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുണയായത് ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇന്നലെ ജി 20 നേതാക്കൾ കണ്ടൽ വന സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നു വിഡോഡോ കൃത്യസമയത്ത് ബൈഡന്റെ കൈകളിൽ പിടിച്ചതിനാൽ അദ്ദേഹം വീണില്ല.

ഇതിന്റെ വീഡിയോ വൈറലായി. ഇതാദ്യമായല്ല ബൈഡൻ കാമറയ്ക്ക് മുന്നിൽ കാലിടറി വീഴുന്നത്. നവംബർ 6ന് ന്യൂയോർക്കിലെ സാറാ ലോറൻസ് കോളേജിൽ നടന്ന മിഡ് ടേം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ സ്റ്റേജിൽ വച്ച് ബൈഡന്റെ കാൽ ഇടറിയിരുന്നു.

ജൂണിൽ ഡെലാവെയറിലെ റെഹോബത്ത് ബീച്ചിൽ അവധിക്കാല വസതിയ്ക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കവെ ബൈഡൻ നിലത്ത് വീണിരുന്നു. തന്നെ കാണാൻ തടിച്ചുകൂടിയ പ്രദേശവാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ബൈഡൻ സൈക്കിളിൽ നിന്ന് നിലത്ത് വീണത്.

സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ പെഡലിൽ നിന്ന് കാലെടുക്കാൻ ശ്രമിച്ചപ്പോൾ ബൈഡന്റെ ഷൂ അതിനിടെയിൽ കുടുങ്ങിയതോടെ ബാലൻസ് തെ​റ്റി വീഴുകയായിരുന്നെന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ബൈഡൻ എയർ ഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിനിടെ കോണിപ്പടിയിൽ കാലിടറി വീണിരുന്നു.