
വൃശ്ചികം പിറന്നതോടെ കലിയുഗ വരദനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾപൂങ്കാവന പാതയിലൂടെ യാത്ര തുടങ്ങുകയാണ്. ജപമാല ധരിച്ച്, വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടേന്തി കാടുംമലയും താണ്ടി പതിനെട്ടു പടിയേറി ശബരീശ സന്നിധിയിലെത്തുമ്പോൾ കാണുന്ന ആ മഹാ പ്രഭാവമാണ് തീർത്ഥാടകർക്ക് സുകൃതമാകുന്നത്. നിമിഷ നേരത്തെ ദർശനം മഹാപുണ്യമായി മനസിൽ നിറച്ചാണ് മലയിറക്കം.
അയ്യപ്പ ദർശനത്തിനായി വ്രതം അനുഷ്ഠിക്കുമ്പോൾ മനസ്സും ശരീരവും ഒരു പോലെ പരിശുദ്ധമായിരിക്കണം. മറ്റുള്ള വ്രതാനുഷ്ഠാനങ്ങളിൽനിന്നു തികച്ചും വിഭിന്നമാണ് 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാല വ്രതം ശനിദോഷശാന്തി, കലിയുഗദുരിതമോചനം എന്നിവയ്ക്ക് ഏറ്റവും ഉത്തമ മാർഗമാണ് വൃശ്ചികവ്രതമനുഷ്ഠിച്ചു മല ചവിട്ടുന്നത് .വ്രതദിനങ്ങളിൽ സൂര്യോദയത്തിനു മുന്നേ കുളിച്ച് ശരണം വിളിച്ചശേഷം വേണം ആഹാരം കഴിക്കാൻ. സാധ്യമെങ്കിൽ നിത്യവും അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്താം. ശാസ്താ ക്ഷേത്രമാണെങ്കിൽ ശ്രേഷ്ഠമാണ്.
വ്രതകാലയളവിൽ മത്സ്യ മാംസാദികൾ, ലഹരികൾ, ക്ഷൗരം, ഹിംസ, കോപം, വഞ്ചന, ശാപ വാക്കുകൾ, പരദൂഷണം, പഴിചാരൽ, നുണ എന്നിവ ഉപേക്ഷിക്കണം. ശരീരശുദ്ധി പാലിക്കണം. ആഹാരകാര്യത്തിൽ നിയന്ത്രണം വേണം. പഴകിയ ഭക്ഷണങ്ങൾ പാടില്ല. വ്രതസമയത്ത് നീലയോ കറുപ്പോ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം. നിത്യവും കുറഞ്ഞത് 10 തവണയെങ്കിലും ശാസ്താപ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം.
മാലയിടുമ്പോൾ...
വൃശ്ചികം ഒന്നിനാണ് മാല ധരിക്കേണ്ടത്. അതല്ലെങ്കിൽ ശനിയാഴ്ച, ഉത്രം നക്ഷത്രം ദിവസങ്ങളിൽ വനമുദ്ര ധരിക്കുന്നതും ശ്രേഷ്ഠമാണ്. ജന്മ നക്ഷത്രദിവസം മാലയിടരുത്. മാല ധരിക്കുന്നതിനു മുൻപ് വീടും പരിസരവും ശുചിയാക്കണം. പൂജാമുറി കഴുകി വെടിപ്പാക്കി ഭഗവാന്റെ ഒരു ചിത്രം വയ്ക്കുന്നത് നല്ലതാണ്. വ്രതം തുടങ്ങിക്കഴിഞ്ഞ് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ കഴുകി വൃത്തിയാക്കി പുണ്യാഹം തളിക്കാൻ പറ്റിയാൽ ഏറെ നന്ന്. മാല ധരിക്കുന്നതിന്റെ തലേ ദിവസം തന്നെ വ്രതം ആരംഭിക്കണം. അയ്യപ്പന്റെ ചിത്രമുള്ള മാലയാണ് ധരിക്കേണ്ടത്. തുളസി, ചന്ദനം, രുദ്രാക്ഷം എന്നീ മാലകളാണ് നല്ലത്. വ്രതം തുടങ്ങിയാൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്. മാംസഭക്ഷണം ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. മത്സരാദികൾ ഉപേക്ഷിക്കണം.
കെട്ടുനിറ
പൂജാമുറികളിലോ ക്ഷേത്രങ്ങളിലോ വച്ച് കെട്ടു നിറയ്ക്കാം. വിളക്കു തെളിച്ച് അയ്യപ്പനെ ധ്യാനിച്ച് ഉച്ചത്തിൽ ശരണം വിളിച്ച് വെറ്റില, പാക്ക്, നാണയം, നാളികേരം എന്നിവ ഒരുമിച്ച് നെഞ്ചിൽ ചേർത്തു പിടിച്ച് പരമശിവനെ സ്മരിച്ച് സ്വാമിയെ തന്റെ പള്ളിക്കെട്ടിൽ ആവാഹിച്ചു പ്രതിഷ്ഠിക്കുന്നതായി സങ്കൽപിച്ച് മുൻകെട്ടിൽ നിറയ്ക്കണം. ശേഷം മൂന്നുപ്രാവശ്യം കൈ നിറയെ അരി വാരി നിറയ്ക്കണം. നെയ്‌തേങ്ങ ഭക്തിയോടെ മുൻകെട്ടിൽ തന്നെ വയ്ക്കണം. അവൽ, കർപ്പൂരം തുടങ്ങിയ സാധനങ്ങളും നിറച്ചശേഷം ഗുരുസ്വാമി കെട്ടുമുറുക്കും. തുടർന്ന് കേരബലിക്കുള്ള നാളികേരം, അത്യാവശ്യമായ മറ്റു പദാർത്ഥങ്ങൾ എന്നിവ ചേർത്ത് പിൻകെട്ട് നിറയ്ക്കണം.
ദക്ഷിണ
കെട്ടു നിറച്ചുകഴിഞ്ഞാൽ അച്ഛൻ, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ തുടങ്ങി ഗുരുസ്ഥാനീയർക്കെല്ലാം വെറ്റില, പാക്ക്, നാണയം എന്നിവയടങ്ങിയ ദക്ഷിണ നൽകണം. ശേഷം അല്പം ആഹാരം കഴിക്കാം.
കെട്ട് തലയിലേറ്റും മുൻപ് ഒരു വെറ്റില, പാക്ക്, നാണയം എന്നിവ കൈയിലെടുത്ത് മുദ്ര ധരിച്ചശേഷം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പിഴകൾ ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്ത് ദർശനം കഴിഞ്ഞ് തിരികെ വന്നശേഷം ഭക്തിയോടും സത്യസന്ധമായും ജീവിക്കുന്നതിന് അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിച്ച് കെട്ടിനു മുകളിൽ വച്ച് സാഷ്ടാംഗം പ്രണമിച്ച് കിഴക്കു ദർശനമായി നിൽക്കണം. അപ്പോഴേക്കും ഗുരുസ്വാമി കെട്ട് തലയിൽ വച്ചുതരും. ഗുരുസ്വാമിക്ക് ദക്ഷിണ നൽകി ശരണം വിളിച്ച് യാത്ര തുടങ്ങാം.
പമ്പയിൽ കുളിച്ച്...
പമ്പയിൽ കുളിച്ച് ബലിതർപ്പണം നടത്തി വീണ്ടും ദേഹശുദ്ധി വരുത്തി ക്ഷേത്രങ്ങളിൽ തൊഴുത് മല ചവിട്ടണം. കൊണ്ടുപോകുന്ന തേങ്ങ സന്നിധാനത്ത് താഴെ തിരുമുറ്റത്ത് അഗ്നികുണ്ഠത്തിൽ എറിഞ്ഞ് പാപനാശം വരുത്തണം.
പതിനെട്ടാം പടിയുടെ മഹാത്മ്യം
പതിനെട്ടു പടികൾ പഞ്ചഭൂതങ്ങളും മറ്റ് രാഗങ്ങളും മൂന്നു ഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്നതാണ്. പതിനെട്ടാം പടി ചവിട്ടുന്ന സ്വാമിമാർക്ക് ധർമ്മശാസ്താവിന്റെ അനുഗ്രഹം ലഭിക്കുകയും സർവ്വപാപങ്ങളും ഇല്ലാതാവുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു.
ഉച്ചത്തിൽ ശരണം വിളിച്ച് ഓരോ പടിയിലും കുടികൊള്ളുന്ന മൂർത്തികളുടെ അനുഗ്രഹം കിട്ടമേ എന്നു പ്രാർത്ഥിച്ചുവേണം പടി കയറാൻ. വലതുകാൽ ആദ്യം വച്ചു കയറുന്നതും കഴിയുന്നതും തൊട്ടുതൊഴുത് കയറുന്നതും ശ്രേഷ്ഠമാണ്.