
കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിനടിയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി സുശാന്തിനെയാണ് രക്ഷപ്പെടുത്തിയത്. രണ്ടേകാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്.
സുശാന്തിന്റെ കാലിന് ചെറിയ പരിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നടക്കുമ്പോൾ നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിഞ്ഞപ്പോൾ മൂന്ന് പേർ ഓടിമാറുകയായിരുന്നു.വളരെ കഷ്‌ടപ്പെട്ടാണ് സുശാന്തിനെ രക്ഷിച്ചതെന്നും നാട്ടുകാർ ഒരുപാട് സഹായിച്ചെന്നും അധികൃതർ പറഞ്ഞു.