sradha

ന്യൂഡൽഹി: ലിവിംഗ് ടുഗദർ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ അഫ്താബ് പൂനാവാലയ്‌ക്കെതിരെ വാട്ടർ ബില്ലും നിർണായക തെളിവായേക്കുമെന്ന് സൂചന. ഡൽഹിയിൽ പ്രതിമാസം 20,000 ലിറ്റർ വെള്ളം സൗജന്യമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതിയ്‌‌ക്ക് 300 രൂപയുടെ വാട്ടർ ബിൽ വന്നതെന്നതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്.


മൃതദേഹം വെട്ടിമുറിക്കുന്ന ശബ്ദം തൊട്ടടുത്ത് താമസിക്കുന്നവർ കേൾക്കാതിരിക്കാൻ ടാപ്പ് തുറന്നിട്ടിരിക്കാമെന്നും, തറയിലെ രക്തക്കറ നീക്കം ചെയ്യാൻ കൂടുതൽ വെള്ളം ഉപയോഗിച്ചിരിക്കാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


കോളനിയിലെ മിക്ക കുടുംബങ്ങളും പ്രതിമാസം 20,000 ലിറ്റർ ഏകദേശം 35 ബക്കറ്റ് വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ വാട്ടർ ബിൽ അധികം പേർക്കും അടയ്‌ക്കേണ്ടി വരാറില്ല. കഴിഞ്ഞ മേയ് പതിനാലിനാണ് അഫ്താബും ശ്രദ്ധയും വാടക ഫ്ളാറ്റിലേക്ക് താമസം മാറിയത്. പതിനെട്ടാം തീയതി മുതൽ ഇയാൾ തനിച്ചായിരുന്നു താമസമെന്നും അയൽവാസികൾ പറയുന്നു.


പ്രതിമാസം 9,000 രൂപയ്ക്കാണ് ശ്രദ്ധയ്ക്കും അഫ്താബിനും ഫ്ളാറ്റ് വാടകയ്ക്ക് നൽകിയതെന്ന് ഉടമ രോഹൻ കുമാറിന്റെ പിതാവ് രാജേന്ദ്ര കുമാർ പറഞ്ഞു. വാടക കരാറിൽ ശ്രദ്ധയുടെയും അഫ്താബിന്റെയും പേരുകളാണ് ഉണ്ടായിരുന്നത്. എല്ലാ മാസവും എട്ടിനും പത്തിനും ഇടയിൽ വാടക ഓൺലൈനായി അയച്ചുതരുന്നതിനാൽ ഫ്ളാറ്റിൽ പോകേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.