cristiano

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ,​ ഘാന,​ ദക്ഷിണ കൊറിയ,​ ഉറുഗ്വെ

നാല് വൻകരകളിൽനിന്നുമായി മികച്ച നാലു ടീമുകൾ ഗ്രൂപ്പ് എച്ചിലുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിദ്ധ്യമാണ് എച്ച് ഗ്രൂപ്പിനെ ശ്രദ്ധേയമാക്കുന്നത്.ലൂയിസ് സുവാരേസിന്റെ ഉറുഗ്വേയാണ് മറ്റൊരു വമ്പന്മാർ. ആഫ്രിക്കയിൽ നിന്ന് ഘാനയും ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയയും എത്തുന്നതോടെ ഗ്രൂപ്പിന് വലിപ്പമേറുന്നു.

തന്റെ അഞ്ചാം ലോകകപ്പിന് ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലാണ് പോർച്ചുഗൽ ഖത്തറിലെത്തിയത്. 2016ൽ യൂറോകപ്പ് നേടിക്കൊടുത്ത ഫെർണാണ്ടോ സാന്റോസ് തന്നെ പരിശീലകൻ. വെറ്ററൻ ഡിഫൻഡർ പെപെ, മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് പ്രമുഖർ. റെനാറ്റോ സാഞ്ചസിനും ഡിയാഗോ ജോട്ടയ്ക്കും ഇടം നേടാനായില്ല. ഡീഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹാെസെ എന്നിവരാണ് ഗോൾകീപ്പർമാർ.

യോഗ്യതാ റൗണ്ടിൽ നിന്ന് നേരിട്ട് കടക്കാൻ കഴിയാതിരുന്ന പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. സീനിയർ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. 39കാരനായ പെപയാണ് ടീമിലെ ഏറ്റവും സീനിയർ. ക്രിസ്റ്റ്യാനോയ്ക്ക് 37 വയസുണ്ട്.

വെറ്ററൻ താരങ്ങളായ സുവാരേസിനെയും കവാനിയെയും ഉൾപ്പെടുത്തിയാണ് ആദ്യ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേയെത്തുന്നത്. സുവാരസിന്റെയും കവാനിയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. മധ്യനിരയിൽ ഫെഡറിക്കോ വാൽവർദേ, റോഡ്രിഗോ ബെന്റാംകർ, ലുക്കാസ് ടൊറൈറോ എന്നിവരുമുണ്ട്. പ്രതിരോധത്തിൽ സീനിയർ താരം ഡീഗോ ഗോഡിനും റൊണാൾഡ് അരാഹോയുമുണ്ട്. ഗോൾകീപ്പർമാരായി സെർജിയോ റൊഷെറ്റ്, ഫെർണാണ്ടോ മുസ്‌ലേര, സെബാസ്റ്റ്യൻ സോസ എന്നിവരാണുള്ളത്.