
പാറശാലയിൽ കാമുകന് ജ്യൂസിൽ വിഷം കൊടുത്തുകൊന്ന കാമുകിയെയും പാനൂരിൽ കാമുകിയുടെ കഴുത്തറുത്ത് കൊന്ന കാമുകനെയും ഡൽഹിയിൽ പ്രണയിനിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച ലിവിംഗ് ടുഗദർ പങ്കാളിയെയും നാം കണ്ടു. എന്നാൽ വർഷങ്ങളോളം ഉണ്ടായിരുന്ന ഇവരുടെയൊക്കെ പ്രണയം എപ്പോഴാകാം മരിച്ചത്? നന്നായി പോയികൊണ്ടിരിക്കുന്ന ഒരു ബന്ധത്തിൽ പെട്ടെന്ന് വിള്ളൽ വീഴുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ടല്ലേ എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്ന്? ചിലർക്കെങ്കിലും ഇതിന് വ്യക്തമായൊരു കാരണം കണ്ടെത്താനാകില്ല. ഇണക്കവും പിണക്കവും നിറഞ്ഞ് മുന്നോട്ടുപോകുമ്പോഴും ചില ബന്ധങ്ങൾ പാതിവഴിയിൽ നിന്നുപോകുന്നു. ചിലർ പകുതിയ്ക്ക് വച്ച് മടങ്ങുന്നു. നമ്മൾ ശ്രദ്ധിക്കാതെ പോയ അല്ലെങ്കിൽ വിട്ടുകളഞ്ഞ, വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത കാരണങ്ങളായിരിക്കും മിക്കപ്പോഴും ബന്ധങ്ങൾ വർക്കാകാത്തതിന് കാരണം. എന്നാൽ ഇതിന് പിന്നിൽ സൈക്കോളജിക്കൽ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് വിദഗ്ദ്ധർ.
ബന്ധങ്ങൾ തകരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാകാം.
1. നിങ്ങൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും എന്താണെന്ന് പങ്കാളിയോട് തുറന്നുപറയാതിരിക്കുന്നത്
നിങ്ങളുടെ പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും എന്താണെന്ന് തുറന്നുപറയുക. നിങ്ങൾ സന്തോഷിക്കുമ്പോൾ, ദുഃഖത്തിലായിരിക്കുമ്പോൾ, പ്രതിസന്ധിയിലായിരിക്കുമ്പോൾ അല്ലെങ്കിൽ പരിഭ്രാന്തിയിലാകുമ്പോൾ പങ്കാളിയിൽ നിന്ന് ഏതുതരത്തിലെ പെരുമാറ്റം ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറയുക. പങ്കാളിയുടെ പെരുമാറ്റത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുക. അതിന് പകരം എല്ലാം ഒരു നാൾ ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും പെട്ടെന്നൊരുനാൾ നിങ്ങൾ പൊട്ടിത്തെറിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. തുറന്നു സംസാരിക്കുമ്പോൾ പങ്കാളിയുടെ പ്രതികരണം എന്താകുമെന്ന ഭയത്താലും ലജ്ജകൊണ്ടുമാകും മിക്കവാറും പേരും ഇതിന് മുതിരാത്തത്. എന്നാലിത് ബന്ധങ്ങളുടെ കെട്ടുറപ്പിനെ കാലക്രമേണ ബാധിക്കും.
2. നോ പറയാൻ സാധിക്കാത്തത്
പറ്റില്ല, അല്ലെങ്കിൽ വേണ്ട എന്ന് പറയേണ്ട സാഹചര്യങ്ങളിൽ അതിന് മുതിരാതിരിക്കുന്നത് നിങ്ങളുടെ സ്വന്തം ബന്ധത്തിന് നിങ്ങൾ തന്നെ റീത്ത് വയ്ക്കുന്നതിന് തുല്യമാണ്. നിങ്ങൾക്ക് പങ്കാളിയെ പ്രീതിപ്പെടുത്തുന്നതിന് മാത്രമായി താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യുകയും ഇഷ്ടമുള്ളവ ഉപേക്ഷിക്കുകയും ചെയ്യുന്നത് ക്രമേണ മടുപ്പും അകലവും ഉണ്ടാക്കും. പറ്റില്ല എന്ന് ആത്മാർത്ഥതയോടെ പറയുക. എന്തുകൊണ്ട് അങ്ങനെ പറയേണ്ടി വന്നെന്ന് പങ്കാളിയോട് വ്യക്തമാക്കുക. യഥാർത്ഥ നിങ്ങളെ മനസിലാക്കി സ്നേഹിക്കുന്നവർ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് ഓർക്കുക.
3. ആവശ്യമായ അതിരുകൾ വയ്ക്കാതിരിക്കുന്നത്
ചില കാര്യങ്ങളിൽ അതിരുകൾ വയ്ക്കേണ്ടത് വ്യക്തി ബന്ധത്തിന് വളരെ പ്രധാനമാണ്. ആരോഗ്യപരമായ രീതിയിൽ ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നതിന് അതിർവരമ്പുകൾ ആവശ്യമാണ്. മറ്റൊരാളുടെ ജീവിതത്തിൽ ഏതറ്റം വരെ മാത്രമേ നമുക്ക് ഇടപെടാൻ അധികാരമുള്ളൂ എന്ന് മനസിലാക്കുക. മറ്റൊരാളുടെ സ്വകാര്യതെയും സ്വാതന്ത്ര്യത്തെയും മാനിക്കുക. എല്ലാതരം ബന്ധങ്ങൾക്കും ഇത് ഏറ്റവും അനിവാര്യമാണ്.
4. നിങ്ങളുടെ ലോകം നിങ്ങളുടെ പങ്കാളിയാണെന്ന് കരുതുന്നത്
നിങ്ങൾക്ക് സ്വന്തമായൊരു ഇടം ഉണ്ടെന്നും നിങ്ങൾക്ക് ചുറ്റും മറ്റൊരു ലോകമുണ്ടെന്നും തിരിച്ചറിയുക. ഇതിൽ ഒന്ന് മാത്രമാകണം പങ്കാളി. തനിക്ക് വേണ്ടിതന്നെ സമയം ചെലവഴിക്കാൻ ശ്രമിക്കുക. കുടുംബം, ജോലി, സുഹൃത്തുക്കൾ മറ്റ് ശീലങ്ങൾ എന്നിവയ്ക്കായും സമയം കണ്ടെത്തണം. പങ്കാളിയ്ക്ക് മാത്രമായി മുഴുവൻ സമയവും മാറ്റിവയ്ക്കുന്നത് സ്വന്തമായൊരു വ്യക്തിത്വത്തവും അസ്ഥിത്വവും ഇല്ലാത്തവരായിരിക്കും.
5.പക്വത ഇല്ലാത്ത പെരുമാറ്റം
ഒരു വ്യക്തിയുടെ പക്വതയുടെ നിലവാരം ബന്ധത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ജീവിതത്തിൽ എത്ര വിജയിച്ച വ്യക്തിയാണെങ്കിലും വൈകാരികമായി പക്വതയില്ലാത്തവരാണെങ്കിൽ അവരുമായുള്ള ബന്ധം എല്ലായ്പ്പോഴും അസന്തുഷ്ടമായിരിക്കും. പക്വത ഇല്ലാത്ത പെരുമാറ്റം സംശയരോഗത്തിനും വിയോജിപ്പുകൾക്കും വഴക്കിനും കാരണമാകും.