shumaila

ആത്മാർത്ഥമായ പ്രണയത്തിനുമുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് പാകിസ്ഥാൻ സ്വദേശികളായ യുവതിയും വയോധികനും. 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയുമാണ് പ്രണയിച്ച് വിവാഹിതരായി ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു യുട്യൂബ് ചാനലാണ് ഇവരുടെ പ്രണയകഥ പുറത്തെത്തിച്ചത്.

ലാഹോറിലെ പ്രഭാതസവാരിയാണ് ഇരുവരുടെയും ജീവിതം മാറ്റിമറിച്ചത്. പ്രഭാതസവാരിക്കിടെയുണ്ടായ സംഭവം പ്രണയത്തിൽ കലാശിക്കുകയായിരുന്നെന്ന് ഷുമൈല പറഞ്ഞു. നടത്തത്തിനിടെ ലിയാഖത്ത് അലി പാടിയ പാട്ടാണ് 19കാരിയുടെ ഹൃദയം കീഴടക്കിയത്. പ്രഭാതനടത്തത്തിൽ പാട്ടുപാടുന്ന ശീലം ലിയാഖത്തിനുണ്ടായിരുന്നു. ഒരു ദിവസം ഷുമൈലയുടെ പിന്നിലായി നടന്നിരുന്ന ലിയാഖത്ത് മൂളിപ്പാട്ട് പാടുകയും ഇതുകേട്ട് തിരിഞ്ഞുനോക്കിയ ഷുമൈലയ്ക്ക് ലിയാഖത്തിനോട് പ്രണയം തോന്നുകയുമായിരുന്നു. ആദ്യകാഴ്ചയിൽ തന്നെ പരസ്‌പരം പ്രണയം തോന്നിയതായി ഇരുവരും വെളിപ്പെടുത്തു. പ്രണയത്തിലായെങ്കിലും ഇരുവരുടെയും വീട്ടുകാർ ബന്ധത്തോട് എതിർപ്പായിരുന്നു. ലിഖായത്തിന് ബന്ധുക്കളായി മറ്റാരുമുണ്ടായിരുന്നില്ല. ഷുമൈലയുടെ വീട്ടുകാർ ഏറെ എതിർത്തെങ്കിലും ഒടുവിൽ മകളുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങി.

70കാരനാണെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്നാണ് ലിയാഖത്ത് പറയുന്നത്. സാധാരണയായി പ്രായമായവരിൽ കാണപ്പെടുന്ന ഡയബറ്റീസ്, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങി യാതൊരു രോഗങ്ങളും തനിക്കില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ലിയാഖത്ത് വെളിപ്പെടുത്തി. പ്രണയത്തിന് പ്രായം ബാധകമല്ലെന്നും തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്താൽ നാട്ടുകാർ വിമർശിക്കുമോ, പരിഹസിക്കുകമോയെന്നത് കാര്യമാക്കിയില്ലെന്നും ലിയാഖത്ത് വ്യക്തമാക്കി. ഇരുവരും ഇപ്പോൾ ലാഹോറിലാണ് താമസം.