ella

കൊച്ചി: കേരളത്തിന്റെ സാമ്പത്തികകുതിപ്പിനും തൊഴിലവസരങ്ങളുടെ ഉയർച്ചയ്ക്കും ടൂറിസം മേഖലയുടെ അതിവേഗ കരകയറ്റം അനിവാര്യമാണെന്നും ടൂറിസത്തിന് വ്യവസായപദവി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കോൺഫെഡറേഷൻ ഒഫ് ഇന്ത്യ ഇൻഡസ്‌ട്രി (സി.ഐ.ഐ) ദക്ഷിണമേഖലാ ചെയർപേഴ്‌സൺ സുചിത്ര കെ.എല്ല ആവശ്യപ്പെട്ടു.

സി.ഐ.ഐ ദക്ഷിണമേഖല 'ബിയോണ്ട് സൗത്ത് ഇന്ത്യ@75" എന്ന ആശയവുമായി നടപ്പുവർഷം (2022-23)​ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും മാനേജിംഗ് ഡയറക്‌ടറും കൂടിയായ സുചിത്ര.

സംസ്ഥാനത്തിന്റെ പുരോഗതിക്ക് ടൂറിസം,​ ആരോഗ്യം,​​ ആയുർവേദം,​ ഐ.ടി.,​ തനത് ഭക്ഷണം,​ ഭക്ഷ്യസംസ്കരണം,​ കൃഷി,​ സുഗന്ധവ്യഞ്ജനം,​ സ്‌റ്റാർട്ടപ്പ്,​ എം.എസ്.എം.ഇ തുടങ്ങിയ കേരളത്തിന്റെ കരുത്തായ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കണം. കേരളത്തെ ആഗോള 'ഹെൽത്ത് ആൻഡ് വെൽനസ് ഡെസ്‌റ്റിനേഷനാക്കാൻ" സി.ഐ.ഐ മുൻകൈയെടുക്കും. കേരളത്തിൽ ആയുർവേദ സർവകലാശാല സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

നഗരഗതാഗതം,​ മാലിന്യസംസ്കരണം,​ പൈതൃകസമ്പന്നമായ സംസ്കാരം എന്നിവയിൽ ശ്രദ്ധയൂന്നി കേരളത്തെ കൂടുതൽ ആകർഷകമാക്കാനുള്ള പദ്ധതിയുണ്ടാകും. കോട്ടയം,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടാംനിര നഗരങ്ങളെ ചെറുകിട വ്യവസായ ഹബ്ബുകളാൻ ശ്രമിക്കും. 'കേരള ബ്രാൻഡ്" പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകും.

397 അംഗങ്ങളാണ് കേരളത്തിൽ സി.ഐ.ഐയ്ക്കുള്ളതെന്നും അവർ പറഞ്ഞു. സി.ഐ.ഐ കേരള ചെയർമാൻ ജീമോൻ കോര,​ മുൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.