
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ബെെക്ക് യാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃപ്പുണിത്തുറ എസ് എൻ ജംഗ്‌ഷനിൽ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിറകിലായി വന്ന ബെെക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു. ഇയാളുടെ ബെെക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി മരിച്ചത്.
കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് അംഗമാണ് മരിച്ച പിറവം സ്വദേശി കാവ്യ ധനേഷ്. പ്രതിയായ വിഷ്ണുവിന്റെ ബെെക്കിടിച്ച് ജൂൺ 12-ാം തീയതി ഒരു സെെക്കിൾ യാത്രക്കാരനും മരിച്ചിരുന്നു.