
വാഷിംഗ്ടൺ: 435 അംഗ യു.എസ് ജനപ്രതിനിധിസഭയിൽ 218 സീറ്റുകളുമായി റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം സ്വന്തമാക്കി. 211 സീറ്റുകളാണ് ഡെമോക്രാറ്റുകൾക്ക് ലഭിച്ചത്. നവംബർ 8നായിരുന്നു യു.എസിൽ മിഡ്ടേം തിരഞ്ഞെടുപ്പ് നടന്നത്. ജനപ്രതിനിധിസഭയിലെ ഏതാനും സീറ്റുകളിൽ വോട്ടെണ്ണൽ തുടരുന്നുണ്ട്. അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു സീറ്റ് വ്യത്യാസത്തിൽ നിയന്ത്രണം ഡെമോക്രാറ്റുകൾ നിലനിറുത്തിയിരുന്നു. സെനറ്റ് കൈവിട്ട റിപ്പബ്ലിക്കൻമാർക്ക് സഭ പിടിച്ചെടുത്തത് ആശ്വാസമായി.
2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജോ ബൈഡൻ ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ അജണ്ടകൾക്ക് വിലങ്ങുതടിയാകാൻ റിപ്പബ്ലിക്കൻമാർക്ക് കഴിയും. അതേസമയം, ഭൂരിപക്ഷം കുറഞ്ഞതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ അതൃപ്തി പുകയുകയാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികളായ പ്രമുഖർ പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ അവർ ചെറിയ ഭൂരിപക്ഷത്തിൽ ഒതുങ്ങിയത് ഡെമോക്രാറ്റുകൾക്കും ആശ്വാസമായി. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ട്രംപിനും ഇത് വെല്ലുവിളിയാണ്.
 നിയമനിർമ്മാണം ബൈഡന് തലവേദന
ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചതോടെ 2024 തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിയമനിർമ്മാണങ്ങൾ പാസാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഏറെ പണിപ്പെടും. ജനുവരി മൂന്നിന് പുതിയ സെനറ്റും സഭയും നിലവിൽ വരും. കെവിൻ മക്കാർത്തിയാണ് റിപ്പബ്ലിക്കൻമാരുടെ സഭാ സ്‌പീക്കർ നോമിനി. ജനപ്രതിനിധി സഭയിൽ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ മക്കാർത്തി ഭൂരിപക്ഷം ഉറപ്പിക്കണം. 2019 മുതൽ സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് മക്കാർത്തി. നിലവിൽ ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസിയാണ് ജനപ്രതിനിധി സഭ സ്പീക്കർ. സ്പീക്കർ പദവി നഷ്ടമാകുന്ന പെലോസി പ്രതിപക്ഷ നേതാവായി തുടരുമോ എന്ന് വ്യക്തമല്ല. നവംബർ 30ന് ഡെമോക്രാറ്റുകൾ തങ്ങളുടെ സഭാ നേതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തും.