
സന്നാഹ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപ്പിച്ച് ഘാന
സന്നാഹത്തിൽ മിന്നി ജർമ്മനിയും പോളണ്ടും, സ്വീഡനോട് തോറ്റ് മെക്സിക്കോ
മസ്കറ്റ് : ലോകകപ്പിന് മുന്നോടിയായി ഇന്നലെ നടന്ന സന്നാഹമത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാന മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മറ്റൊരു ലോകകപ്പ് മത്സരാർത്ഥികളായ സ്വിറ്റ്സർലാൻഡിനെ തോൽപ്പിച്ച് കരുത്തറിയിച്ചു.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 70-ാം മിനിട്ടിൽ മുഹമ്മദ് സാലിസുവും 74-ാം മിനിട്ടിൽ അന്റോയ്ൻ സെമന്യൂവും ചേർന്നാണ് ഘാനയ്ക്ക് വിജയം നൽകിയത്.
ലോകകപ്പിൽ പോർച്ചുഗൽ ,ദക്ഷിണ കൊറിയ,ഉറുഗ്വേ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് ഘാന മത്സരിക്കുന്നത്. 24ന് പോർച്ചുഗലുമായാണ് ആദ്യ മത്സരം. ബ്രസീൽ,കാമറൂൺ,സെർബിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജിയിലാണ് സ്വിറ്റ്സർലാൻഡിന്റെ സ്ഥാനം. 24ന് കാമറൂണിനെതിരെയാണ് ആദ്യ മത്സരം.
മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനി വിജയം നേടി. മറുപടിയില്ലാത്ത ഓരു ഗോളിന് ഒമാനെ അവരുടെ മണ്ണിൽ കീഴടക്കിയ ശേഷമാണ് ജർമ്മനി ഖത്തറിലേക്ക് യാത്ര തിരിച്ചത്.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ളക്സിൽ നടന്ന മത്സരത്തിന്റെ 80-ാം മിനിട്ടിൽ നിക്കോളാസ് ഫ്യൂൽക്രൂഗാണ് ജർമ്മനിയുടെ വിജയ ഗോൾ നേടിയത്. പന്തടക്കത്തിലും പാസിംഗിലും ഒമാന്‌മേൽ ശക്തമായ ആധിപത്യം പുലർത്തിയ ജർമ്മനി കൂടുതൽ ഗോളുകൾ നേടുന്നതിൽ മാത്രമേ വൈമുഖ്യം കാട്ടിയുള്ളൂ. മാനുവൽ ന്യൂയർ,കായ് ഹവേർട്സ്,മിക്കോക്കോ,ലെറോയ് സാനേ തുടങ്ങിയ പ്രമുഖർ ജർമ്മനിക്കായി കളത്തിലിറങ്ങി.
ലോകകപ്പിൽ സ്പെയ്നും,ജപ്പാനും കോസ്റ്റാറിക്കയുമടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ജർമ്മനി മത്സരിക്കുന്നത്. 23-ാം തീയതി ജപ്പാനെതിരെയാണ് ആദ്യ മത്സരം.
വാഴ്സായിലെ പോളിഷ് ആർമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 85-ാം മിനിട്ടിൽ ക്രിസ്റ്റോഫ് പിയാതെക്ക് നേടിയ ഗോളിന് ചിലിയെ കീഴടക്കിയാണ് പോളണ്ട് ലോകകപ്പിന് യാത്രതിരിക്കും മുമ്പുള്ള അവസാനമത്സരം ആഘോഷമാക്കിയത്. മത്സരത്തിൽ പാസിംഗിലും പന്തടക്കത്തിലും മുന്നിട്ടുനിന്നത് ചിലി ആയിരുന്നെങ്കിലും ഗോളടിക്കാനുള്ള വിധി പോളണ്ടുകാർക്കായിരുന്നു. ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ അർജന്റീനയ്ക്കും മെക്സിക്കോയ്ക്കും സൗദി അറേബ്യയ്ക്കും ഒപ്പമാണ് പോളണ്ട് മാറ്റുരയ്ക്കുന്നത്.22ന് മെക്സിക്കോയുമായാണ് ആദ്യ മത്സരം.
അതേസമയം മെക്സിക്കോയ്ക്ക് സന്നാഹമത്സരത്തിൽ പരാജയം രുചിക്കേണ്ടിവന്നു.ലോകകപ്പിൽ ഇടം കിട്ടാത്ത സ്വീഡനാണ് മെക്സിക്കോയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയത്. സ്പെയ്നിലെ മോണ്ടിലിവിയിൽ നടന്ന മത്സരത്തിന്റെ 54-ാം മിനിട്ടിൽ മാർക്കസ് റോഡനിലൂടെ സ്വീഡൻ മുന്നിലെത്തി. 60-ാം മിനിട്ടിൽ അലകസിസ് വേഗ മെക്സിക്കോയ്ക്ക് വേണ്ടി സമനില നേടി.എന്നാൽ 84-ാം മിനിട്ടിൽ മത്യാസ് സ്വാൻബർഗിലൂടെ സ്വീഡൻ വിജയഗോളടിക്കുകയായിരുന്നു.