ev

ഒരു രാജ്യത്തെ രാഷ്ട്രത്തലവൻ സഞ്ചരിക്കുന്ന വാഹനവ്യൂഹം എപ്പോഴും അതീവ സുരക്ഷിതവും സാധാരണയിൽ നിന്നും നിരവധി പ്രത്യേകതകളുള്ളതുമായിരിക്കും. പ്രത്യേക നിർദേശം നൽകി കാർ കമ്പനികൾ കസ്റ്റമൈസ്‌ഡായി നിർമിച്ച് നൽകുന്ന ഇത്തരം വാഹനങ്ങൾ, വാഹന പ്രേമികൾക്കും പ്രിയങ്കരമാണ്. അത് പോലുള്ള സവിശേഷമായ വാഹനങ്ങൾ സാധാരണ വിപണിയിൽ അധികം പ്രത്യക്ഷപ്പെടാറില്ല എന്നത് അതിന് പിന്നിലെ ഒരു കാരണം മാത്രമാണ്. അത്തരത്തിൽ നിരവധി സവിശേഷതകളടങ്ങിയ ഒരു വാഹനത്തിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിലെത്തിച്ചേർന്നത്. മോദി എത്തിച്ചേർന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം സഞ്ചരിച്ച കാറിന്റെ സവിശേഷതകൾക്ക് പിന്നാലെ കൂടിയിരിക്കുകയാണ് വാഹനപ്രേമികൾ.

ലോകത്തിന് ക്ളീൻ എനർജി സന്ദേശം നൽകുന്നതിന്റെ ഭാഗമായി ബാലിയിലെ ഉച്ചകോടിയിൽ ഉപയോഗിച്ചത് മുഴുവൻ ഇലക്ട്രിക്ക് വാഹനനങ്ങളായിരുന്നു. അത് കൊണ്ട് തന്നെ വാഹനപ്രേമികളുടെ കണ്ണിലുടക്കിയ നരേന്ദ്ര മോദി സഞ്ചരിച്ച വാഹനവും ഒരു ഇവി തന്നെയായിരുന്നു. ഹ്യുണ്ടേയ് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 എന്ന കാറായിരുന്നു ഉച്ചകോടിയ്ക്കിടയിൽ മോദി അടക്കമുള്ള രാഷ്ട്രത്തലവൻമാർക്കായി നൽകിയ വി.വി.ഐ.പി വാഹനം. ജി20 ഉച്ചകോടിക്കായി 131 ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 കാറുകളാണ് ഹ്യുണ്ടേയ് നൽകിയത്.

പ്രധാനമന്ത്രിയ്ക്കൊപ്പം വൈറലായി മാറിയ ഹ്യുണ്ടേയ് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80യെ കുറിച്ച് കൂടുതറിയാം.

ev

ജെനിസിസ് ജി 80

•ഹ്യുണ്ടേയുടെ അത്യാഡംബര ഇലക്ട്രിക് സെഡാൻ.

•87.2 kWh ലിഥിയം അയൺ ബാറ്ററി

•ഒറ്റ ചാർജിൽ ഏകദേശം 520 കിലോമീറ്റർ വരെ സഞ്ചരിക്കും.

•എൽഇഡി ‍ടെയിൽ, ഹെ‍ഡ്‌ലാംപുകൾ, സോളാർ വിന്റോ പാനലുകൾ

•14.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം,

•മുൻ വീലുകളിലും പിൻ വീലുകളിലും ഘടിപ്പിച്ച രണ്ട് ഇലക്ട്രിക് മോട്ടറുകളാണ് വാഹനത്തിന് കരുത്ത് നൽകുന്നത്.

•370 പിഎസ് കരുത്തും 700 എൻഎം ടോർക്കുമുണ്ട്.

•19 ഇഞ്ച് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, 8 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ നിരവധി ആഡംബര ഫീച്ചറുകൾ വാഹനത്തിലുണ്ട്.

ev