sleeping

ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ഉറക്കം. നമ്മുടെ ശാരീരിക - മാനസിക ആരോഗ്യത്തിന് ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദെെനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കും. ഒരാൾ മിനിമം ഏഴ് മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നവർ ഒത്തിരിയാണ്. രാത്രി ശരിയായി ഉറങ്ങാൻ കഴിയാത്തത് ചിലപ്പോൾ നിങ്ങളുടെ ചില ശീലങ്ങൾ മൂലമാകാം. ഉറക്കം വരാനായി മരുന്നുകൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. മതിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

1. കിടക്കുന്നതിന് മുൻപ് ഫോൺ നോക്കുന്നത്

രാത്രി കിടക്കുന്നതിന് മുൻപ് ഫോണിൽ നോക്കുന്ന സ്വഭാവം പലർക്കും ഉണ്ട്. എന്നാൽ ഫോണിൽ നിന്നുള്ള പ്രകാശം ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്നു.

2. രാത്രിയിൽ കനത്ത ഭക്ഷണം കഴിക്കുന്നത്

രാത്രിയിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കലോറി കൂടുതലുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുത്തേക്കാം. അത് ഉറക്കത്തെ ബാധിക്കുന്നു. കൂടാതെ രാത്രി വെെകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിയുന്നതും നേരത്തെ ഭക്ഷണം കഴിക്കുക.

3.ചായയും കാപ്പിയും മദ്യവും രാത്രി ഒഴിവാക്കുക

തലച്ചോറിന്റെ പ്രവർത്തനത്തെ മദ്യം മന്ദഗതിയുലാക്കുന്നു. അതിനാൽ രാത്രിയിൽ മദ്യം കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുന്നു. കഫീൻ ഏതു രൂപത്തിൽ അകത്തു ചെന്നാലും അതു നിങ്ങളുടെ ഉറക്കം കെടുത്തും.

4. പുസ്തകം വായന,​ കുളി

ഉറങ്ങുന്നതിന് മുൻപ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് കുളിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യാറുണ്ട്. ഇത് ഉറക്കം മെച്ചപ്പെടുത്തുന്നു.