sabarimala

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി താത്ക്കാലിക പൊലീസുകാരെ നിയോഗിക്കാൻ നടപടി. മണ്ഡലമാസം ആരംഭിച്ചതോടെ ഭക്തജനങ്ങളെ നിയന്ത്രിക്കാനായി ആവശ്യത്തിന് പൊലീസുകാരില്ലാത്തത് പരിഹരിക്കാനാണ് താത്കാലിക പൊലീസുകാരെ നിയോഗിക്കുന്നത്. 660 രൂപ ദിവസ വേതനത്തിൽ രണ്ട് മാസത്തേയ്ക്കാണ് താത്കാലിക പൊലീസ് സേവനം തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ലഭ്യമാകുക.

വിമുക്ത ഭടൻമാർ, സേനയിൽ നിന്നും വിരമിച്ച പൊലീസുകാർ, എൻസിസി കേഡറ്റുകൾ കൂടാതെ വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം. ഇതിനെ സാധൂകരിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസുകാരെയാണ് നിലവിൽ വിന്യസിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോൾ ഡ്യൂട്ടിയിലെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലും വർധനവുണ്ടാകും. ഇതിന് പുറമേയാണ് താത്കാലിക പൊലീസുകാരെ ദിവസവേതന അടിസ്ഥാനത്തിൽ വിന്യസിക്കുന്നത്.

അതേ സമയം നടതുറന്ന ആദ്യ ദിനത്തിൽത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ഇന്നാണ് തീർത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തർ എത്തിക്കൊണ്ടിരുന്നു.ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് നട തുറന്നത്. പുതുതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്.