kk

ന്യൂഡൽഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിട്ടു. കോട്ടയം മാന്നാനം സ്വദേശിയാണ്. ബംഗാൾ ഗവർണ‍ർ ആയിരുന്ന ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെ തുടർന്നുള്ള ഒഴിവിലാണ് ആനന്ദ ബോസിന്റെ നിയമനം. നിലവിൽ മണിപ്പൂർ ഗവർണർ എൽ. ഗണേശിനാണ് ബംഗാളിന്റെ താത്കാലിക ചുമതല നൽകിയിരുന്നത്.

ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദബോസ് നിലവിൽ മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്. ജില്ലാകളക്ടർ,​ വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡിഷണൽ ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു.