
ചെന്നൈ : ഹെൽമെറ്റില്ലെങ്കിലോ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലോ സാധാരണ ജനങ്ങളെ തടഞ്ഞു നിറുത്തി പിഴയടപ്പിക്കാൻ പൊലീസിന് അത്യുത്സാഹമാണ്. പൊതുജനങ്ങളിൽ നിന്ന് പിഴ ഈടാക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയാമ് നടപടിയെന്നാണ് പൊലീസുകർ പറയുന്നത്. എന്നാൽ ഇതേ പൊലീസുകാർ നിയമം തെറ്റിച്ച് വണ്ടിയോടിച്ചാലോ. അങ്ങനെ ഒരു പൊലീസ് വാഹനം നിയമംലംഘിച്ച് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് അരവിന്ദ് ആർ,കെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
സംഭവം ചെന്നൈയിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനമാണ് വൺവേ തെറ്റിച്ച് സഞ്ചരിച്ചത്. എ,ഡി.ജി,പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കാർ ആണ് വൺവേ തെറ്റിച്ച് പോയത്. കാറിന്റെ നമ്പർ കുറിച്ച ശേഷം പൊലീസ് കാറുകൾക്ക് മാത്രം പ്രത്യേക പെർമിറ്റ് ഉണ്ടോ എന്നായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത് അരവിന്ദ് ചോദിച്ചത്. തമിഴ്നാട് പൊലീസ്, ചെന്നൈ ട്രാഫിക് പൊലീസ്, ചെന്നൈ കോർപ്പറേഷൻ ട്രാഫിക് പൊലീസ് എന്നിവയുടെ ഔഗദ്യോഗിക ട്വിറ്റർ ഹാൻഡിലുകളെ ടാഗ് ചെയ്തായിരുന്നു അരവിന്ദിന്റെ ട്വീറ്റ്. നവംബർ 13നായിരുന്നു പോസ്റ്റ്.

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസ് ട്വീറ്റിന് മറുപടി നൽകി. നിയമം ലംഘിച്ച വാഹനം ഓടിച്ച ഡ്രൈവറിൽ നിന്ന് 500 രൂപ പിഴ ഈടാക്കിയതായും ഇനി തെറ്റ് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് ട്വീറ്റ് ചെയ്തു. ചെലാന്റെ പകർപ്പും പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. റെയിൽവേ പൊലീസ് എ,ഡി.ജി.പി എസ്. വനിതയ്ക്ക് അനുവദിച്ച വാഹനമാണിതെന്നാണ് റിപ്പോർട്ട്.