
മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമമാണ് ഗരുഡപുരാണം. പൂർവ്വ ഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളെക്കുറിച്ചും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം, തപസ് മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.
ജീവിതവും മരണവും മരണാനന്തര കാര്യങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. പാപപുണ്യത്തെ നിർണയിക്കുകയും മരണശേഷം അയാൾക്ക് കിട്ടുന്ന ശിക്ഷയെക്കുറിച്ചും അടുത്ത ജന്മത്തിലെ ജനനത്തെക്കുറിച്ചും വരെ ഗരുഡപുരാണത്തിൽ പറയുന്നുണ്ട്. അത്തരത്തിൽ, ജീവിതത്തിൽ ചില വ്യക്തികളെയും കാര്യങ്ങളെയും വിശ്വസിക്കരുതെന്നും ഈ പുരാണത്തിൽ പറഞ്ഞിട്ടുണ്ട്.
ഗരുഡപുരാണം അനുസരിച്ച്, ഒരാൾ ഒരിക്കലും ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളെ വിശ്വസിക്കരുത്. അതായത്, തന്നേക്കാൾ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ആളുകളെ പൂർണമായും വിശ്വസിക്കുന്നത് ഒഴിവാക്കണം. ഇത്തരം ആളുകളോട് നിങ്ങളുടെ രഹസ്യങ്ങൾ ഒരിക്കലും പറയരുത്. കാരണം സമയം വരുമ്പോൾ, അവർ നിങ്ങളുടെ വാക്കുകൾ അവരുടെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചേക്കാം. അതിനാൽ നിങ്ങൾക്കും നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർക്കും ഇടയിൽ എപ്പോഴും അകലം പാലിക്കുക
അഗ്നിയെ ഒരിക്കലും വിശ്വസിക്കരുതെന്നും ഇതിൽ പറയുന്നു. ഏത് നിമിഷവും ഒരു തീപ്പൊരിയിൽ നിന്ന് ഭയാനകമായ അഗ്നി രൂപപ്പെട്ടേക്കാം. ഇതുമൂലം ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാം. അതിനാൽ കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ, അഗ്നി അതിന്റെ ഭയാനകമായ രൂപത്തിൽ സർവതും നശിപ്പിച്ചേക്കാം. .
വിഷം ഉള്ളതായാലും ഇല്ലെങ്കിലും പാമ്പിനെ എപ്പോഴും ഭയക്കണം. കാരണം അത് നിങ്ങളുടെ മരണത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് തന്നെ എവിടെയെങ്കിലും നിങ്ങൾ പാമ്പിനെ കണ്ടാൽ കരുതലോടെ നടക്കുക.
നിങ്ങളുടെ ശത്രുവിന്റെ സേവകനെ ഒരിക്കലും വിശ്വസിക്കരുത്. പുരാണത്തിൽ ഇതിന് തെളിവായി നിരവധി കഥകളുണ്ട്. നിങ്ങൾ നിങ്ങളുടെ ശത്രുവിന്റെ ദാസനെ വിശ്വസിച്ച് എന്തെങ്കിലും അവരോട് പറയുന്നുവെങ്കിൽ, അവർ എല്ലാ രഹസ്യങ്ങളും നിങ്ങളുടെ ശത്രുവിന്റെ അടുത്തെത്തിക്കും. അതിനാൽ നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങൾ എപ്പോഴും ശത്രുക്കളുടെ സേവകരിൽ നിന്ന് മറച്ചുവെക്കുക.