
സുരക്ഷിതത്വം അത്യന്താപേക്ഷിതമായതിനാൽ ഒന്നിൽ കൂടുതൽ പാസ്‌വേഡുകൾ സോഷ്യൽ മീഡിയ, ബാങ്കിംഗ് ആപ്പുകളിൽ അടക്കം ഉപയോഗിക്കുന്നവരാണ് പലരും. പാസ്‌വേഡ് സെക്യൂരിറ്റിയുള്ള നിരവധി ആപ്പുകൾ നിലവിൽ ഉള്ളതിനാൽ തന്നെ പലതിലും വ്യത്യസ്തമായ പാസ്‌വേഡുകളായിരിക്കും നൽകിയിട്ടുള്ളത് താനും. അതിനാൽ ഈ പാസ്‌വേഡുകൾ കൂടി കുഴയാതിരിക്കാനും പിന്നീട് മറന്ന് പോകാതിരിക്കാനും ഓർത്തെടുക്കാൻ എളുപ്പമുള്ള രീതിയിലായിരിക്കും പലരും പാസ്‌വേഡുകൾ മെനഞ്ഞിട്ടുണ്ടാവുക.
പേരിനോട് കൂടി രണ്ടോ മൂന്നോ അക്കങ്ങൾ ചേർക്കുന്നതോ, ജനനതീയതിയോ ഫോൺ നമ്പരിന്റെ ആദ്യത്തെയോ അവസാനത്തെയോ അക്കങ്ങളൊക്കെയോ എളുപ്പത്തിൽ ഓർക്കാവുന്ന പാസ്‌വേഡുകളായി മാറാറുണ്ട്. ഇത്തരത്തിൽ ഏതൊരു ഹാക്കറിനും എളുപ്പത്തിൽ കണ്ടെത്തി നിമിഷനേരം കൊണ്ട് തന്നെ ബ്രേക്ക് ചെയ്യാവുന്ന പാസ്‌വേഡുകളുടെ ലിസ്റ്റ് 'നോർഡ്‌പാസ്' എന്ന വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.ഇന്ത്യയിലെ ആളുകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന പാസ‌്‌വേഡുകളും ലിസ്റ്റിലുണ്ട്.
ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള പാസ്‌വേഡ് അത് 'പാസ്‌വേഡ്' എന്നത് തന്നെയാണ്. 34 ലക്ഷം തവണയിലധികമാണ് ചിന്തിക്കാൻ ഏറെ പ്രയാസപ്പെടേണ്ട പാസ്‌വേഡ് ഇന്ത്യക്കാർ ഉപയോഗിച്ചിരിക്കുന്നത്. ലിസ്റ്റിലെ ബാക്കിയുള്ള പാസ്‌വേഡുകൾ ഇവയാണ്
•"123456" ഒരു ലക്ഷത്തിലധികം പേർ ഉപയോഗിച്ചു
•"12345678" ഒരു ലക്ഷത്തിലധികം പേർ ഉപയോഗിച്ചു
•"abcd1234" 8491 പേർ ഉപയോഗിച്ചു
ഈ പാസ്‌വേഡുകൾ മൂന്ന് സെക്കന്റ് സമയം കൊണ്ട് ഹാക്കർമാർക്ക് ക്രാക്ക് ചെയ്യാൻ കഴിയും.
"bigbasket" എന്ന പാസ്‌വേഡ് ഉപയോഗിച്ചത് 75,000ൽ അധികം പേരാണ്, "123456789" ,"pass@123", "1234567890".എന്നീ പാസ്‌വേഡുകളും ലിസ്റ്റിലുണ്ട്. ക്രാക്ക് ചെയ്യാൻ 17 മിനിറ്റ് വരെ വരുന്ന "anmol123" എന്ന പാസ്‌വേഡ് ലിസ്റ്റ് പ്രകാരം 10,000 പേരാണ് ഉപയോഗിച്ചിട്ടുള്ളത്. ക്രാക്ക് ചെയ്യാൻ 23 മിനിറ്റ് വരെ വേണ്ടി വരുന്ന
"googledummy" 83,00 പേരാണ് ഉപയോഗിച്ചിട്ടുള്ളത്.
മുപ്പത് രാജ്യങ്ങളിലെ സൈബർ സെക്യൂരിറ്റി മേഖലയിൽ നടന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇത്തരത്തിലുള്ള അതി സാധാരണയായ പാസ്‌വേഡുകളുടെ പേരുകളിൽ മാത്രമാണ് ഓരോ വർഷവും വ്യത്യാസം വരുന്നത് എന്നാണ് ലിസ്റ്റ് തയ്യാറാക്കിയ സൈബർസെക്യൂരിറ്റി വിദ്ഗദരുടെ അഭിപ്രായം, അല്ലാതെ പാസ്‌വേഡുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിൽ യൂസേഴ്സ് അശ്രദ്ധ കാണിക്കുന്നത് തുടരുകയാണ്.