police

പൊലീസ് തന്നെ കള്ളനാവുക..! സംഗതി ചില്ലറക്കാര്യമല്ല. തിരുവനന്തപുരത്ത് പേരൂർക്കടയിൽ പൊലീസ് കാവലിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ പേരൂ‌ർക്കട മുൻ എസ്.ഐയും ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐയുമായ സിബി തോമസിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നല്‍കിയിരിക്കുകയാണ്. ബി.ജെ.പിക്കാർ ആക്രമിച്ച കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽനിന്ന് 70,000 രൂപയും 56 പവൻ സ്വർണ്ണവും കവർച്ച ചെയ്യപ്പെട്ടതെന്നാണ് കേസ്. ബി.ജെ.പിക്കാരുടെ ആക്രമണത്തെ തുടർന്ന് വീടിന് പൊലീസ് കാവലേർപ്പെടുത്തിയ ശേഷമാണ് കവർച്ച നടന്നത്. കേസിൽ ഒരു സി.ഐയും വിരമിച്ച ഡിവൈ.എസ്.പിയും കൂടി പ്രതികളായേക്കും. ബി.ജെ.പിക്കാരെ കവർച്ചാക്കേസിൽ പ്രതികളാക്കി പൊലീസും ക്രൈംബ്രാഞ്ചും പലവട്ടം എഴുതിത്തള്ളാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ കാരണമാണ് ഭാഗികമായെങ്കിലും സത്യം തെളിഞ്ഞത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരിക്കുകയാണ് പരാതിക്കാരി.

നെടുങ്കണ്ടം രാജ്‍കുമാർ കസ്റ്റഡി മരണക്കേസിൽ കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന പി.പി. ഷംസിനെ സി.ബി.ഐ പ്രതിയാക്കിയത് കഴിഞ്ഞദിവസമാണ്. ഹരിതാ ഫിനാൻസ് തട്ടിപ്പുകേസിൽ രാജ്‍കുമാറിനൊപ്പം രണ്ട് സ്ത്രീകളെയും കസ്റ്റഡിലെടുത്തിരുന്നു. ഷംസ് ഈ സ്ത്രീകളെ ചോദ്യം ചെയ്തപ്പോൾ രാജ്‍കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽവച്ച് മ‍ർദ്ദിക്കുന്ന വിവരം പറഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സി.ബി.ഐ കണ്ടെത്തി. ഷംസ് ഗുരുതര കൃത്യവിലോപം കാട്ടിയെന്ന് കണ്ടെത്തിയാണ് സി.ബി.ഐ പ്രതിയാക്കിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഒൻപത് പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് സി.ബി.ഐ കുറ്റപത്രം നൽകിയിട്ടുണ്ട്.

ഉരുട്ടിക്കൊലയ്ക്ക്

അറുതിയില്ല

നെടുങ്കണ്ടം സ്റ്റേഷനിലെ ബെഞ്ചിൽകിടത്തി രാജ്കുമാറിനെ ഉരുളൻതടിയുപയോഗിച്ച് ഉരുട്ടിയെന്ന് സി.ബി.ഐ പറയുന്നു. തുടകളിലെ പേശികൾ ചതഞ്ഞിട്ടുണ്ട്. ഉരുളൻതടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥി തകർന്നു.

തട്ടിച്ചെടുത്ത പണം വീണ്ടെടുക്കാൻ മൂന്നുദിവസം അതിക്രൂരമായി മർദ്ദിച്ചതോടെ, അവശനായ രാജ്കുമാറിനെ എണ്ണയിട്ട് തിരുമ്മിയശേഷം സ്ട്രെക്ചറിൽ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചു. റിമാൻഡിലായ രാജ്കുമാർ അഞ്ചുദിവസത്തിനുശേഷം പീരുമേട് ജയിലിൽ മരിച്ചു. സ്വയം നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയിൽ ജയിലിലെത്തിച്ച രാജ്കുമാറിനെ 36 മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഇത് ഗുരുതര വീഴ്ചയായി. മരണകാരണം ന്യുമോണിയയാണെന്ന് വരുത്തിതീർത്ത പൊലീസ്, തെളിവുകളെല്ലാം നശിപ്പിച്ചു. മർദ്ദനസമയത്ത് സി.സി.ടി.വി ഓഫാക്കിയിട്ടു. ശാസ്ത്രീയതെളിവുകൾ നഷ്ടപ്പെടാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിച്ചു. രേഖകളിലും തിരിമറി നടത്തി.

54 മുറിവ്, എന്നിട്ടും

രോഗം ന്യുമോണിയ

രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയയല്ല, ക്രൂരമർദ്ദനമാണെന്ന് റീ-പോസ്റ്റുമാർട്ടത്തിലാണ് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ 32മുറിവുകൾക്ക് പുറമേ 22പുതിയ പരിക്കുകൾ റീ-പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തി. ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുണ്ടായ ചതവുകളാണു മരണകാരണം. മർദ്ദനത്തിൽ വൃക്കയടക്കമുള്ള അവയവങ്ങൾ തകരാറിലായി. തുടകളിൽ 4.5സെ.മീ കനത്തിൽ ചതവുണ്ടായി. നടുവിന് 20സെന്റിമീറ്ററിലേറെ നീളമുള്ള ചതവേറ്റു. 2019 ജൂൺ 12നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21ന് ജയിലിൽവച്ച് മരിച്ചു.

കൊലക്കയർ കിട്ടിയിട്ടും

പാഠം പഠിക്കാതെ

ഒരു തെളിവും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ,​ ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാറിന്റെ ഉരുട്ടിക്കൊലക്കേസ്, ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് രണ്ട് പൊലീസുകാർക്ക് കൊലക്കയറൊരുക്കിട്ടും പൊലീസ് ഒരുപാഠവും പഠിച്ചിട്ടില്ല. കാക്കിയുടെ ബലത്തിൽ പൊലീസ് ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നത് തുടരുകയാണ്. ഉദയകുമാറിനു ശേഷം മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. നാലുപേരുടെ മരണം പൊലീസ് പല ന്യായങ്ങൾപറഞ്ഞ് ഒതുക്കി. പുനലൂർ, പുന്നപ്ര, പൊൻകുന്നം, ചങ്ങരംകുളം, ബേഡകം, ഞാറയ്ക്കൽ സ്റ്റേഷനുകളിൽ മരണങ്ങളുണ്ടായി. മലപ്പുറത്തെ ചങ്ങരംകുളം സ്റ്റേഷനിൽ രണ്ടുവട്ടം കസ്റ്റഡിമരണങ്ങളുണ്ടായി.

21​-ാം​ ​നൂ​റ്റാ​ണ്ടാ​ണെ​ന്ന്
പൊ​ലീ​സ് ​മ​ന​സി​​​ലാ​ക്ക​ണം

പൊലീസിനോട് ഇങ്ങനെ പറഞ്ഞത് ഹൈക്കോടതി ജഡ്ജി ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​നാണ്. ​ ​പ​ല​വ​ട്ടം​ ​ആ​വ​ർ​ത്തി​ച്ചി​ട്ടും​ ​പൊ​ലീ​സി​ന്റെ​ ​നി​ല​പാ​ടി​ൽ​ ​മാ​റ്റ​മു​ണ്ടാ​കു​ന്നി​ല്ലെന്നും 21​ ​-ാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​നാം​ ​ജീ​വി​ക്കു​ന്ന​തെ​ന്ന് ​ഓർ​മ്മ​ വേ​ണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തെ​ന്മ​ല​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കാ​നെ​ത്തി​യ​ ​ഉ​റു​കു​ന്ന് ​സ്വ​ദേ​ശി​ ​രാ​ജീ​വി​നെ​ ​സ്റ്റേ​ഷ​നി​ൽ​ ​വി​ല​ങ്ങ​ണി​യി​ച്ച് ​നി​റു​ത്തി​ ​മ​ർ​ദ്ദി​ച്ചെ​ന്ന​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ചപ്പോഴായിരുന്നു ഈ പരാമർശം. നി​യ​മ​പ​ര​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ഉ​ത്ത​ര​വു​ക​ളും​ ​ന​ട​പ്പാ​ക്കു​ക​യാ​ണ് ​പൊ​ലീ​സി​ന്റെ​ ​ക​ട​മ.​ ​സ്വ​യം​ ​തീ​രു​മാ​നി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ക​ക്ഷി​ക​ൾ​ക്കു​മേ​ൽ​ ​അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​അ​ധി​കാ​ര​മി​ല്ല.​ നേ​ര​ത്തെ​യു​ണ്ടാ​യ​ ​പ​രാ​തി​ക​ളി​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ ​പ​ല​ ​സം​ഭ​വ​ങ്ങ​ളും​ ​ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു.​ നമ്മെയും​ ​രാ​ജ്യ​ത്തെ​യും​ ​ദൈ​വം​ ​ര​ക്ഷി​ക്ക​ട്ടേ​ എ​ന്നേ​ ​പ​റ​യു​ന്നു​ള്ളൂ​ ​-​ ​​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ പറഞ്ഞു.

മുഖ്യമന്ത്രി പറയും,

പൊലീസ് തള്ളും


കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവർ സേനയിലുണ്ടാവില്ലെന്നും പൊലീസിലെ ക്രിമിനലുകളോട് ദയയും ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി തുടർച്ചയായി പറയുന്നുണ്ടെങ്കിലും പൊലീസ് കേട്ടമട്ടില്ല. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായാൽ തലയിൽ തൊപ്പിയുണ്ടാവില്ല, ജനപക്ഷത്തു നിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന സർക്കാരിന്റെ കർശന നിർദ്ദേശം അവഗണിച്ചുള്ള പോക്ക് അവസാനിപ്പിക്കണം, വില്ലത്തരങ്ങൾ നിറുത്തി സ്വന്തം കാര്യം നോക്കിയില്ലെങ്കിൽ കാര്യം പോക്കാണ്, ഏതുഘട്ടത്തിലും സേനാംഗങ്ങൾ മാന്യത കൈവിടരുത്- ഈ വക താക്കീതുകളൊന്നും തങ്ങളോടല്ലെന്ന മട്ടിലാണ് പൊലീസ്. സർക്കാരിന്റെ പൊലീസ് നയത്തിന് അനുസരിച്ചാവണം പൊലീസ് പ്രവർത്തിക്കേണ്ടത്. ''കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാവും. നിയമത്തിലെ ഏറ്റവും ശക്തമായ വകുപ്പുകൾ പ്രകാരമുള്ള നടപടിയാവും കുഴപ്പക്കാർക്കെതിരേ കൈക്കൊള്ളുക. പിരിച്ചുവിടൽ മാത്രമല്ല, നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യും''- സർക്കാർ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.

ലോക്കപ്പിലെ

കൈക്കരുത്തിന്റെ

ഇരകൾ

ഉദയകുമാർ

ശ്രീകണ്‌ഠേശ്വരം പാർക്കിൽ കിടന്നുറങ്ങിയിരുന്ന ഉദയകുമാറിനെ മോഷണക്കുറ്റമാരോപിച്ച് പിടികൂടി ഫോർട്ട് സ്റ്റേഷനിലെത്തിച്ച് ഉരുട്ടിക്കൊന്നു. ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മൃതദേഹത്തിനെതിരേ മോഷണക്കേസെടുത്തു. രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയും കള്ളക്കളിനടത്തിയിട്ടും സി.ബി.ഐ സത്യം തെളിയിച്ചു.

സമ്പത്ത്

പുത്തൂർ ഷീല വധക്കേസിൽ കസ്റ്റഡിയിലായിരിക്കേ 2010മാർച്ചിൽ മലമ്പുഴയിലെ കോട്ടേജിൽ മൂന്നാംമുറ പ്രയോഗത്തിൽ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്യാൻ വാറണ്ട് വാങ്ങിയശേഷം രണ്ട് ഐ.പി.എസുകാരെ സി.ബി.ഐ ഒഴിവാക്കി. പൊലീസുദ്യോഗസ്ഥരെ മാത്രം പ്രതിയാക്കി കുറ്റപത്രം നൽകി.

ശ്രീജീവ്

പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ കുടുക്കി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 2014 മേയിലാണ് മരിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന ഫ്യുരിഡാൻ കഴിച്ച് ആത്മഹത്യചെയ്തെന്ന് പൊലീസ്. സഹോദരൻ ശ്രീജിത്തിന്റെ സമരത്തെതുടർന്ന് സി.ബി.ഐ അന്വേഷിക്കുന്നു.

ശ്രീജിത്ത്

അയൽവാസിയുടെ വീടാക്രമണക്കേസിൽ ആളുമാറി സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത വാരാപ്പുഴ ദേവസ്വംപാടംകരയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. അറസ്റ്റ് മെമ്മോയും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തതായി ബന്ധുക്കളെ അറിയിച്ചില്ല.11പൊലീസുകാരാണ് പ്രതികൾ.

രാജ്‌കുമാർ

സ്റ്റേഷനിലെത്തിച്ചപ്പോൾ ആരോഗ്യവാനായിരുന്ന രാജ്കുമാറിനെ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കി. തെളിവുനശിപ്പിക്കാൻ സി.സി.ടി.വി ഓഫാക്കിയിടുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിക്കുകയും ചെയ്തു. മുട്ടിനുതാഴെ പോറലുകൾ, ഉരുട്ടിയതിന് സമാനമായ ഉരഞ്ഞ പാടുകൾ. ഉരുളൻ തടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകൾ. കാൽവെള്ളയിൽ ഭാരമുള്ള വസ്തു കൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥിതകർന്നു

സുരേഷ്

തിരുവല്ലം സ്റ്റേഷനിലെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. സ്റ്റേഷന് മുന്നിലിട്ടും അകത്തിട്ടും ക്രൂരമായി മർദ്ദിച്ചു. ലോക്കപ്പിൽ കുനിച്ച് നിറുത്തി മുതുകിൽ ഇടിച്ചു, ബൂട്ടിട്ട് ചവിട്ടി. മരണം ഹൃദ്രോഗം കാരണമാണെന്ന് കള്ളക്കഥയുണ്ടാക്കി. കൂട്ടുപ്രതികളെ ഭീഷണിപ്പെടുത്തി കള്ളമൊഴിയുണ്ടാക്കി. സി.ഐ സുരേഷ് വി.നായർ, ഗ്രേഡ് എസ്.ഐ സജീവ്, രണ്ട് ഹോംഗാർഡുകൾ എന്നിവർക്കെതിരെ സി.ബി.ഐ അന്വേഷണം.

(അവസാനിച്ചു)