wikky-thug

തിരുവനന്തപുരം: യുട്യൂബറും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ 'വിക്കി തഗ്' എന്നറിയപ്പെടുന്ന വിഘ്‌നേഷ് ചാരുംമൂട് ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സുഹൃത്ത് വിനീതിനൊപ്പം മാരക ലഹരിമരുന്നായ മെത്തഫിറ്റമിനും തോക്കുമായി ബംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് കാറിൽ വരവെയാണ് പാലക്കാട് വാളയാറിനടുത്തുള്ള ചന്ദ്രനഗറിൽ വച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

വാളയാറിൽ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 40 ഗ്രാം മെത്താഫിറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. ഈ തോക്കിന് ലൈസൻസുണ്ടായിരുന്നില്ല.

പിടിയിലാകുന്ന സമയത്ത് ഇരുവരും വലിയ തോതിൽ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയുള്ള ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലൂടെയും യാത്രാ വിവരണത്തിലൂടെയുമാണ് വിഘ്‌നേഷ് ശ്രദ്ധിക്കപ്പെട്ടത്.