mayor-arya-

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്തുവിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ ഇ ബൈജുവിനെയാണ് സ്ഥലംമാറ്റിയത്. സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് എസ്‌പിയായിട്ടാണ് മാറ്റം. പകരം റെജി ജേക്കബിനാണ് ചുമതല.


പൊലീസിൽ വൻ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്. മുപ്പത് ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി തിരുവനന്തപുരം ഡി സി പി അജിത് കുമാറിനെ നിയമിച്ചു. കൂടാതെ പുതിയ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായി അങ്കിത് അശോകനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.

കൊല്ലം റൂറൽ എസ് പി കെ ബി രവിയെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. കണ്ണൂർ റൂറൽ എസ് പി കെ ബി രാജീവനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റി. ചൈത്ര തെരേസ ജോണിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.