bjp-campaign-

ഗാന്ധിനഗർ : അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള മോഹൻ കൊങ്കണിയെ സ്ഥാനാർത്ഥിയാക്കി ബി ജെ പിയുടെ പരീക്ഷണം. കഴിഞ്ഞ 20 വർഷത്തിനിടെ ബി ജെ പി സംസ്ഥാനത്ത് നിയമസഭയിലേക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകുന്ന ആദ്യ ക്രിസ്ത്യൻ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. ഗുജറാത്തിലെ വ്യാരാ മണ്ഡലത്തിൽ നിന്നുമാണ് മോഹൻ കൊങ്കണി ജനഹിതം തേടുന്നത്. ബി ജെ പി ക്രിസ്ത്യൻ വിഭാഗത്തിലുള്ളയാളെ മത്സരിപ്പിക്കുന്നത് കൃത്യമായ കണക്ക് കൂട്ടലോടെയാണ്.


വ്യാര മണ്ഡലത്തിലെ 2.23 ലക്ഷം വോട്ടർമാരിൽ 45 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതിന് പുറമേ ഈ മണ്ഡലം സ്ഥിരമായി കോൺഗ്രസാണ് കുത്തകയാക്കി വച്ചിരിക്കുന്നത്. മോഹൻ കൊങ്കണി മത്സരിക്കുന്നത് ഇവിടെ നിന്നും നാല് തവണ എംഎൽഎയായ കോൺഗ്രസ് നേതാവ് പുനാജി ഗാമിത്തിനെതിരെയാണ്.

സാമൂഹിക പ്രവർത്തകനും, കർഷകനുമായ കൊങ്കണി 1995 മുതൽ ഭാരതീയ ജനതാ പാർട്ടി അംഗമാണ്. 2015 ലെ താപി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു. അതേസമയം ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ ബി ജെ പി നേതാക്കളടക്കം ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി.


നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും പുറമെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളും എത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റാലികളിൽ ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ താരപ്രചാരകരായി എത്തും.

1995 മുതൽ തുടർച്ചയായി ആറ് തവണ ഗുജറാത്തിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി സംസ്ഥാന ഭരണം കൈയ്യാളുകയാണ്. എന്നാൽ ഇക്കുറി ആം ആദ്മി പാർട്ടി കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.