
കൊച്ചി: കൊച്ചിയിലെ കാനയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ ഹൈക്കോടതി ഇടപെടും. ഇന്ന് ഉച്ചയ്ക്ക് 1.45ന് കോടതി ഇക്കാര്യം പരിഗണിക്കും. ഈ സംഭവം അഭിഭാഷകർ ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇതിന്റെ വിശദാംശങ്ങൾ കോടതി തേടിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കൗൺസിലർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാനും കോടതി നിർദേശിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. മെട്രോയിൽ നിന്നിറങ്ങി മാതാപിതാക്കൾക്കൊപ്പം നടന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന അമ്മ കുട്ടിയെ ഉടൻ പിടിച്ചുകയറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും ഉൾപ്പെടെയുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണം.