trump

ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകുമോ? 2024ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ട്രംപ് സ്വയം പ്രഖ്യാപിച്ചപ്പോൾ മുതൽ ഉയരുന്ന ചോദ്യമാണിത്. സ്ഥാനാർത്ഥിത്വത്തിനായുള്ള പേപ്പറുകൾ ഫെഡറൽ ഇലക്ഷൻ കമ്മിഷനുമുന്നിൽ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. പ്രഖ്യാപത്തോടെ ട്രംപിന്റെ അനുയായികളെല്ലാം പെരുത്ത് സന്തോഷത്തിലാണ്. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് അവർ പറയുന്നത്. ഫണ്ട് ശേഖരണം വൈകാതെ തന്നെ ആരംഭിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. സ്വയം പ്രഖ്യാപനം നടത്തിയാലും പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്നത് അത്ര എളുപ്പമല്ല. അതിന് നിരവധി കടമ്പകളുണ്ട്. അതെല്ലാം വിജയകരമായി പൂർത്തിയാക്കിയാലേ ട്രംപിന്റെ ആഗ്രഹം സാധിക്കൂ. പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ചാലും അമേരിക്കയിലെ വോട്ടർമാർ ട്രംപിനെ അംഗീകരിക്കുമോ എന്നും റിപ്പബ്ളിക്കൻ പാർട്ടിക്കാർക്ക് ഭീതിയുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി നേടിയ വലിയ വിജയമാണ് ട്രംപിന് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരണയായതെന്നാണ് കരുതുന്നത്. വൻ വിജയം നേടാൻ കഴിഞ്ഞത് തന്റെ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ മുന്നേറ്റം പ്രസിഡന്റ് തിരഞ്ഞെടുപ്പുവരെ നിലനിറുത്താനാവുമെന്നും അങ്ങനെ എളുപ്പത്തിൽ തനിക്ക് വിജയിച്ച് കയറാമെന്നും ട്രംപ് കണക്കുകൂട്ടുന്നു. എന്നാൽ കാര്യങ്ങളൊന്നും ട്രംപ് കരുതുന്നതുപോലെയല്ലെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയപ്പോഴും അതിലൊന്നും കുലുങ്ങാതെ വീണ്ടും മത്സര രംഗത്തുണ്ടാകുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും റിപ്പബ്ളിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് ഭയന്ന് അനുയായികളും ഉപദേശകരും ചേർന്ന് പ്രഖ്യാപനം നീട്ടിവയ്പ്പിക്കുകയായിരുന്നു എന്നും കേൾക്കുന്നുണ്ട്. ഇതിൽ നിന്നുതന്നെ സ്ഥാനാർത്ഥിയാവുക എന്നത് നടക്കാനാവാത്ത ഒരു സുന്ദര സ്വപ്നമായി അവശേഷിക്കാനാണ് സാദ്ധ്യത എന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാൽ രാഷ്ട്രീയത്തിൽ അത്രവലിയ വ്യക്തിത്വം ഒന്നും അല്ലാതിരുന്നിട്ടും വമ്പൻമാരെ മുട്ടുകുത്തിച്ച് ഒരിക്കൽ പ്രസിഡന്റായ ട്രംപിന് ഈ എതിർപ്പൊന്നും പ്രശ്നമല്ലെന്ന് കരുതുന്നവരും ഇല്ലാതില്ല. റിപ്പബ്ളിക്കൻ പാർട്ടിയിലെ മറ്റാരും ഇതുവരെ 2024ലെ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്നും ഇവർ അനുകൂലമായി കരുതുന്നു.

trump2

വഴിയടയ്ക്കാൻ നിരവധി കുരുക്കുകൾ

സ്ഥാനാർത്ഥിയാകുന്നതിന് സ്വന്തം പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പ് ഉയരുന്നതിനൊപ്പം നിയമപരമായ കുരുക്കുകയും ട്രംപിന് വിനയാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയിട്ടും അത് അംഗീകരിക്കാതെ കാപ്പിറ്റോൾ കലാപത്തിന് നേതൃത്വം നൽകിയെന്നതുൾപ്പടെയുള്ള നിരവധി ആരോപണങ്ങൾ ട്രംപിനെതിരായിട്ടുണ്ട്. കാപ്പിറ്റോൾ കലാപത്തിലെ ഒന്നാം പ്രതി ട്രംപ് തന്നെയെന്ന് കരുതുന്ന നിരവധി പേരാണ് റിപ്പബ്ളിക്കൻ പാർട്ടിയിൽ തന്നെയുള്ളത്. കൊവിഡിനെ നേരിടുന്നതിൽ കാണിച്ച കെടുകാര്യസ്ഥതയാണ് ട്രംപിന്റെ പരാജയത്തിനുള്ള ഒരു കാരണമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കൊവിഡ് പോലുളള ആഗോള പകർച്ചവ്യാധിയെ നേരിടുന്നതിൽ ട്രംപ് അമ്പേ പരാജയമായിരുന്നു. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അമേരിക്കയുടെ വിലയിടിച്ച ഒന്നായിരുന്നു ഇത്. അതുപോലെ ബരാക്ക് ഒബാമയെപ്പോലുള്ളവർ കൊണ്ടുവന്ന ജനക്ഷേമകരമായ പല പദ്ധതികളെയും തുരങ്കം വയ്ക്കുന്ന സമീപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതും പരാജയത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാൽ തനിക്കെതിരായുള്ള നിയമക്കുരുക്കുകൾ മറികടക്കാനും തനിക്കെതിരായ നീക്കങ്ങളിൽ ഒട്ടുമിക്കതും വെറും രാഷ്ട്രീയ ഗിമ്മിക്കുകളാണെന്ന് സ്ഥാപിക്കാനും വേണ്ടിയാണ് ട്രംപ് നേരത്തേ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞതവണത്തെപ്പോലെ ലൈംഗികാരോപണങ്ങൾ ഉണ്ടായാലും അതിനെയെല്ലാം വിജയകരമായി മറികടക്കാൻ നേരത്തേയുള്ള പ്രഖ്യാപനത്തിലൂടെ കഴിയുമെന്നും അദ്ദേഹം കരുതുന്നു.

trump1

എതിരാളി ഡോൺ ഡിസന്റിസ്

ഇനി ഒരിക്കൽക്കൂടി ട്രംപിനെ സഹിക്കാൻ വയ്യെന്ന് റിപ്പബ്ളിക്കൻ പാർട്ടി അംഗമായ മെരിലാൻഡ് ഗവർണർ ലാറി ഹോഗൻ പറഞ്ഞത് വൻ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. ഫ്ളോറിയിലെ നിലവിലെ ഗവർണർ ഡോൺ ഡിസാന്റ് പ്രസിഡന്റാവാൻ മത്സരിക്കണമെന്നാണ് റിപ്പബ്ളിക്കൾ പാർട്ടിയിലെ കൂടുതൽ പേരുടെയും ആഗ്രഹം. 59 ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് അദ്ദേഹം ഗവർണർ സ്ഥാനം നിലനിറുത്തിയത് എന്നതിൽ നിന്നുതന്നെ ജനങ്ങൾക്കിടയിലെ അദ്ദേഹത്തിന്റെ മതിപ്പ് വ്യക്തം. ഡിസാന്റിന്റെ ജനപ്രീതി ഉയരുന്നത് കണ്ട് ഹാലിളകിയ ട്രംപ് അതിനെ തടയിടാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.

കുടുംബവും എതിര്

ട്രംപിന് പാർട്ടിക്കാർക്കിടയിൽ മാത്രമല്ല സ്വന്തം കുടുംബക്കാർക്കിടയിൽപ്പോലും പിന്തുണയില്ളെന്നാണ് സത്യം. ഒരിക്കൽ ട്രംപിന്റെ അടുത്ത ഉപദേശകനായിരുന്ന മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റിയും ഇപ്പോൾ എതിരാണ്. 2024ലെ പ്രചാരണത്തിൽ താൻ പങ്കെടുക്കില്ലെന്ന് മകൾ ഇവാങ്ക ട്രംപും വ്യക്തമാക്കിയിരുന്നു. ട്രംപ് പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച മൈക്ക് പെൻസ് പറയുന്നത് രാജ്യത്തെ ഒന്നിപ്പിക്കാൻ യുഎസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. അതിനാൽ ട്രംപിനെ പിന്തുണയ്ക്കില്ലെന്നാണ്. പെൻസും ട്രംപിന്റെ വെല്ലുവിളിയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ട്രംപിന്റെ ചില മുൻ മാദ്ധ്യമ സുഹൃത്തുക്കളിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ട്രംപിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.