
അമ്പലപ്പുഴ: യുവതിയുടെ ചൊവ്വാ ദോഷം മാറ്റാൻ പൂജ നടത്തണമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുത്ത യുവാവ് പിടിയിൽ. ഇടുക്കി വണ്ടൻമേട് തുളസീമന്ദിരത്തിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. അമ്പലപ്പുഴ കരുമാടി സ്വദേശിനിയിൽ നിന്നാണ് രണ്ട് പവൻ തട്ടിയെടുത്തത്.
അഞ്ച് മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പിന്നാലെ യുവതിയുടെ വീട്ടുകാരുമായും ഇയാൾ സൗഹൃദത്തിലായി. തുടർന്ന് വീട്ടിലെത്തിയ ഇയാൾ, ചൊവ്വാദോഷം മാറ്റാൻ സ്വർണ പാദസരം പൂജിക്കണമെന്ന് പറഞ്ഞു.
തുടർന്ന് രണ്ട് പവന്റെ പാദസരവും കൊണ്ട് ബൈക്കിൽ കടന്നുകളയുകയായിരുന്നു. പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇടുക്കിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.