murder-case-

ധാക്ക : ഡൽഹിയിൽ ശ്രദ്ധ വാക്കറെന്ന യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ആഫ്താബ് അമീൻ പൂനാവാല അറസ്റ്റിലായി ദിവസങ്ങൾ മാത്രം ആകവേ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് അയൽരാജ്യമായ ബംഗ്ലാദേശിൽ. ഹിന്ദു പെൺകുട്ടിയായ കവിതാ റാണിയേയാണ് അബൂബക്കർ എന്നയാൾ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. ഇരു കേസുകളും തമ്മിൽ നിരവധി സമാനതകളുണ്ട്.

സ്ഥിരമായി ജോലിക്ക് ഹാജരാകാതിരുന്നതോടെയാണ് അബൂബക്കറുടെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തിയത്. ട്രാൻസ്‌പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാളെ ഫോണിൽ ലഭിക്കാത്തതിനാൽ സ്ഥാപന ഉടമ വാടക വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാടക വീടിന്റെ ഉടമയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസാണ് വീട്ടിൽ നിന്നും തല ഛേദിക്കപ്പെട്ട നിലയിൽ കവിതയുടെ മൃതദേഹം കണ്ടെത്തിയത്. അബൂബക്കർ നാല് വർഷമായി പങ്കാളിയായ സപ്നയ്‌ക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു.

കവിതയുടെ തലമാത്രം വേർപ്പെടുത്തി പൊളിത്തീൻ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തിൽ കൈകൾ കണ്ടെത്താനായിട്ടില്ല. ശരീരത്തിലെ ബാക്കി ഭാഗങ്ങൾ പെട്ടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് യുവാവിനായി അന്വേഷണം ഊർജ്ജിതമാക്കുകയും ഗാസിപൂർ ജില്ലയിലെ ബസാൻ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടുകയുമായിരുന്നു.

കവിതയുമായി അടുപ്പത്തിലാവുന്നത് കൊലപാതകത്തിന് കേവലം അഞ്ച് ദിവസം മുൻപാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബർ അഞ്ചിന് സ്വപ്ന ജോലിക്ക് പോയ സമയത്താണ് അബൂബക്കർ കവിതയെ വാടക വീട്ടിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ച് ഇരുവരും തർക്കത്തിലാവുകയും, ദേഷ്യത്തിൽ യുവാവ് കവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും, തല വേർപെടുത്തുകയുമായിരുന്നു. കൈകൾ വെട്ടിമാറ്റി അഴുക്ക് ചാലിൽ എറിഞ്ഞതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതിന് ശേഷം ഒന്നിച്ച് താമസിക്കുന്ന യുവതിയുമായി നാട് വിട്ടു.

പൊലീസ് കസ്റ്റഡിയിൽ അബൂബക്കർ കുറ്റം സമ്മതിച്ചു. തുടർന്ന് നടന്ന തെരച്ചിലിൽ കവിതയുടെ അറ്റുപോയ കൈകൾ നഗരത്തിലെ ഗോബർചക പ്രദേശത്ത് നിന്നും കണ്ടെത്തി. അതേസമയം ഡൽഹിയിൽ ശ്രദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ ആഫ്താബ് അമീനെ ഇന്ന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസമാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പൊലീസിന് ചോദ്യം ചെയ്യാനായി ലഭിക്കുക.