
മണ്ഡലകാലവും കല്യാണ സീസണും ആയതോടെ കേരളത്തിൽ വാഴയിലക്ക് ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഓണം, വിഷു തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും വാഴയിലയിലെ ഊണ് മസ്റ്റാണെങ്കിലും മലയാളി ഉണ്ണുന്നത് തമിഴന്റെയും കർണാടകക്കാരന്റെയും വാഴയിലയിലാണെന്നതാണ് സത്യം. ഇപ്പോഴും കേരളീയർ ഇലവാഴകൃഷിയുടെ സാദ്ധ്യത മനസിലാക്കിയിട്ടില്ല. നിസാര തുക ഒരിക്കൽ മുടക്കിയാൽ വർഷങ്ങളോളം ആദായം കിട്ടും എന്നതാണ് പ്രധാന പത്യേകത.
വലിയ ഒരിലയ്ക്ക് എട്ടുമുതൽ പത്തുരൂപവരെയാണ് വില. ഓണം പോലുള്ള വിശേഷ അവസരങ്ങളിൽ വില ഇതിലും കൂടും. ഒരു വാഴയിൽ നിന്ന് ആഴ്ചയിൽ രണ്ടില വെട്ടാം.ഒരേക്കറില്‍നിന്ന് ആഴ്ചതോറും 6000 ഇലവരെ കിട്ടും. വാഴനട്ട് ഏഴാംമാസം മുതല്‍ ഇല വെട്ടിത്തുടങ്ങാം. ഏറ്റവും കുറഞ്ഞത് രൂപ അൻപതിനായിരം ആഴ്ചയിൽ പോക്കറ്റിലെത്തും. രണ്ടുവർഷം വരെ പറയത്തക്ക ഒരു ചെലവും ഇല്ലാതെ ഈ പണം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. ഇലയ്ക്ക് എല്ലായ്‌പ്പോഴും ആവശ്യക്കാർ ഉള്ളതിനാൽ വിപണിയും പ്രശ്നമില്ല.
കുലകൾക്ക് വേണ്ടി വാഴ നടുമ്പോൾ ചുവട്ടിൽ മുളച്ചുവരുന്ന കന്നുകൾ നശിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇലവാഴകൃഷിയിൽ ഇതിന്റെ ആവശ്യമില്ല. മുളച്ചുവരുന്ന കന്നുകളിൽ നിന്നും കർഷകന് അധിക വരുമാനവും ലഭിക്കും. ഇല തിന്നുന്ന പുഴുക്കളാണ് പ്രധാന ശല്യം. അവയെ തുരത്താൻ ജൈവമാർഗങ്ങൾ ഉപയോഗിക്കാം. നാടൻ ഇനങ്ങളാണ് ഇലയ്ക്കുവേണ്ടി നടാൻ ഏറ്റവും മികച്ചത്.
ആഴ്ചതോറും ഇലവെട്ടി മാറ്റുന്നതിനാൽ തോട്ടത്തിൽ നല്ല സൂര്യപ്രകാശം ലഭിക്കും. ഇത് പ്രയോജനപ്പെടുത്തി സവാള, തക്കാളി, മുളക്, വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യാം. അങ്ങനെയും കിട്ടും അധിക വരുമാനം.