
വെല്ലിംഗ്ടൺ: മഴയെത്തുടർന്ന് ഇന്ന് നടക്കാനിരുന്ന ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ഓവറുകൾ വെട്ടിച്ചുരുക്കി മത്സരം നടത്താനുള്ള സാദ്ധ്യതകൾ അവസാന നിമിഷം വരെ തേടിയെങ്കിലും കനത്ത മഴയെത്തുടർന്ന് നിർവാഹമില്ലാതെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം നവംബർ 20ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
മലയാളി താരം സഞ്ജു സാംസൺ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിൽ കാത്തുനിന്ന ആരാധകർക്ക് ഈ വാർത്ത കനത്ത തിരിച്ചടിയായി. ഓസ്ട്രേലിയിൽ നടന്ന ട്വന്റി 20 ലോകകപ്പിന് ശേഷം നേരേ ന്യൂസിലാൻഡിലേക്ക് പോയ ഇന്ത്യൻ ടീമിൽ പക്ഷേ കാര്യമായ മാറ്റങ്ങളുണ്ട്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹാർദിക് പാണ്ഡ്യയാണ് നായകൻ. റിഷഭ് പന്ത് ഉപനായകൻ. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ് തുടങ്ങിയവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.
ലോകകപ്പ് ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് ന്യൂസിലാൻഡ് മൂന്ന് മത്സര പരമ്പരയ്ക്ക് ഇറങ്ങുന്നത്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡെവോൺ കോൺവോയ്, ഫിൻ അല്ലെൻ, ഗ്‌ളെൻ ഫിലിപ്പ്സ്, മിച്ചൽ സാന്റ്നർ,ലോക്കീ ഫെർഗൂസൺ തുങ്ങിയവർ കിവീസ് നിരയിലുണ്ട്.