governor

ന്യൂഡൽഹി: മന്ത്രിമാരെ പുറത്താക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടി മാത്രമാണ് പ്രീതി പിൻവലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, കണ്ണൂർ സർവകലാശാല വിസി ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചതിൽ തനിക്ക് തെറ്റുപറ്റിയെന്നും ഗവർണർ പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം നിയമപരമല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. തന്റെ ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചിരുന്നു. ധനമന്ത്രിയുടെ പ്രസംഗം തന്നെ അപമാനിച്ചുവെന്നും, അദ്ദേഹത്തിലുള്ള പ്രീതി തനിക്ക് നഷ്‌ടപ്പെട്ടുവെന്നുമായിരുന്നു കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയത്.

കത്ത് ലഭിച്ച ഉടൻ തന്നെ ആവശ്യം തള്ളിക്കൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകുകയും ചെയ‌്തിരുന്നു. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെയോ രാജ്ഭവനെയോ ഇകഴ്‌ത്തിക്കാട്ടിയതല്ലെന്നും, ഭരണഘടനാപരമായ ലംഘനമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.