johnie-walker

മമ്മൂട്ടിയെ സാക്ഷാൽ പ്രഭുദേവ നൃത്തം പഠിപ്പിച്ച ചിത്രമാണ് ജോണി വാക്കർ. എവർഗ്രൻ ഹിറ്റ് ആയ ''ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ'' എന്ന ഗാനത്തിനാണ് പ്രഭുദേവയുടെ സംവിധാനത്തിൽ മമ്മൂട്ടി ചുവടുകൾ വച്ചത്. ജയരാജിന്റെ വ്യത്യസ്‌തമായ സംവിധാന ശൈലിയിൽ 1992ൽ ആണ് ജോണി വാക്കർ റിലീസ് ആയത്.

സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പ്രതിനായകന്റെത്. മയക്കുമരുന്ന് ഗ്യാംഗിന്റെ തലവനായ ഡിഡിയെ അവതരിപ്പിച്ചത് യാഥാർത്ഥ അധോലോക നായകൻ ആയിരുന്നുവെന്ന് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ കെ. രാധാകൃഷ്‌ണൻ.

''ജോണിവാക്കർ സിനിമയിലെ മെയിൻ വില്ലൻ ബോംബെയിലെ ശരിക്കുമുള്ള അധോലോകത്തിലെ ആളായിരുന്നു. ഒറിജിനൽ അധോലോകമാണ് അയാൾ. സംവിധായകൻ ജയരാജാണ് അയാളെ കണ്ടുപിടിച്ചുകൊണ്ടുവന്നത്. പക്ഷേ അദ്ദഹം എല്ലാവരുമായിട്ടും നല്ല കമ്പനിയായിരുന്നു. ഷൂട്ടിംഗിനെത്തിയ പിള്ളേരെയൊക്കെ പുള്ളി ക്ളബിലേക്ക് വിളിച്ചുകൊണ്ടു പോകുമായിരുന്നു. ഭയങ്കര ഹാപ്പിയായിട്ട് നടന്നത്. പിന്നീട് ആരോ വെടിവച്ച് കൊലപ്പെടുത്തി എന്നാണ് കേട്ടത്''. - കെ. രാധാകൃഷ്‌ണന്റെ വാക്കുകൾ.