
തിരുവനന്തപുരം: സർവകലാശാല നിയമനങ്ങൾക്ക് പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും ഇടപെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിഷയം ദേശീയ തലത്തിൽ അടക്കം ഉയർത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ രണ്ടുവർഷം മതിയെന്നും ഇതു കൊള്ളയാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്കൃത കോളജിന് മുൻപിലെ പോസ്റ്റർ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. പഠിച്ചതേ പാടൂവെന്നാണ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം. ഇവർക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും എങ്കിലും വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.