
ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് നിഖിൽ എസ്. കരിയേലിനെ പട്നയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിൽ അഭിഭാഷകരുടെ പ്രതിഷേധം. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിനു മുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ഇത് സ്വതന്ത്ര ജുഡിഷ്യറിയുടെ മരണമണിയാണെന്നും സത്യസന്ധനും നിർഭയനുമായ ജഡ്‌ജിയെ ഇരയാക്കുകയാണെന്നും അവർ പറഞ്ഞു.
തുടർന്ന് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു. പ്രശ്ന പരിഹാരമുണ്ടാകുന്നതുവരെ അനിശ്ചിത കാലത്തേക്ക് ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കാൻ യോഗം തീരുമാനിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകുമെന്ന് അഭിഭാഷകർ അറിയിച്ചു.
സത്യസന്ധനായ ജഡ്ജിയുടെ സ്ഥലംമാറ്റം ശരിയായ നടപടിയല്ലെന്നും ഇന്ന് ഹൈക്കോടതിക്കു മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഭിഭാഷകർ പറഞ്ഞു. ഹൈക്കോടതിയിലെ മികച്ച ജഡ്ജിമാരിൽ ഒരാളായ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ബാർ അംഗങ്ങൾക്കിടയിൽ ഏകാഭിപ്രായമാണെന്ന് ജി.എച്ച്.സി.എ.എ പ്രസിഡന്റ് പൃത്ഥിരാജ് സിംഗ്ജി എ. ജഡേജ പറഞ്ഞു.
ഇതിനിടെ തെലങ്കാന ഹൈക്കോതി ജഡ്ജി ജസ്റ്റിസ് അഭിഷേക് റെഡ്ഢിയെ പട്ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്രാനുള്ള ശുപാർശക്കെതിരെയും അഭിഭാഷകരുടെ പ്രതിഷേധമുണ്ടായി.