
ബീജിംഗ്: കൊവിഡ് ഉയരുന്നതിനെ തുടർന്നുള്ള കടുത്ത നിയന്ത്രണങ്ങളിൽ ചൈനയിൽ പ്രതിഷേധം ശക്തം. ദിവസവും 20,000ത്തിന് മുകളിലാണ് നിലവിൽ കൊവിഡ് കേസുകൾ. അതേസമയം, നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേസുകൾ കുത്തനേ കൂടിയേക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച 24,028 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മുതലുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
തെക്കൻ പ്രവിശ്യയായ ഗ്വാംങ്ങ്ഷൂ 9,000ത്തിലേറെ കേസുകളുമായി ഹോട്ട്‌സ്പോട്ടായി തുടരുന്നു. ഗ്വാംങ്ങ്ഷൂവിലെ ചില ജില്ലകളിൽ ലോക്ക്‌ഡൗൺ തുടരുന്നുണ്ട്. തലസ്ഥാനമായ ബീജിംഗിൽ 500ൽ താഴെയാണ് കേസുകളെങ്കിലും ഇത് ഉയർന്നുവരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളടക്കമുള്ള ആരോഗ്യ സംവിധാനങ്ങൾ വർദ്ധിപ്പിച്ചു.
അതേസമയം, ഷെങ്ങ്സൂ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചികിത്സ വൈകിയതോടെ നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഒരു ഹോട്ടലിൽ അധികൃതർ ക്വാറന്റൈനിൽ പാർപ്പിച്ച കുഞ്ഞാണ് മരിച്ചത്.
കുഞ്ഞ് ആഹാരം കഴിക്കാതെ അസ്വസ്ഥതകൾ നേരിട്ടപ്പോൾ പിതാവ് ആരോഗ്യപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഹോട്ടലിൽ ആന്റിജൻ പരിശോധന നടത്തിയാലേ തങ്ങളെ കാണാനാകൂ എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞെന്നും കുട്ടി കൊവിഡ് നെഗറ്റീവാണെന്നും മാതാവിന് രോഗം കണ്ടെത്തി ചികിത്സയിലായതിനാലാണ് ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ട് അധികൃതർ ചെവികൊണ്ടില്ലെന്നും പിതാവ് ആരോപിച്ചു.
നില വഷളായതോടെ ആംബുലൻസ് ലഭ്യമായെങ്കിലും ഹോട്ടലിന് അടുത്തുള്ളതിന് പകരം ഏകദേശം 100 കിലോമീറ്ററോളം അകലെയുള്ള ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചതെന്നും പറയുന്നു.
അതേസമയം, കൊവിഡ് മുക്തമായ ഇടങ്ങളിൽ തിയേറ്റർ, ഫെസ്റ്റിവലുകൾ, പൊതുപരിപാടികൾ എന്നിവയ്ക്ക് പരിധിയില്ലാതെ ആളുകളെ പ്രവേശിപ്പിക്കാമെന്ന് സാംസ്കാരിക, ടൂറിസം വകുപ്പുകൾ ഉത്തരവിറക്കി.