
തിരുവനന്തപുരം: സ്കൂൾ കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സലാണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ എട്ടുപേർ റിമാൻഡിലാണ്. ഇവരിൽ മൂന്നു സ്കൂൾ വിദ്യാർത്ഥികളുമുണ്ട്.
ഈ മാസം ഒൻപതിന് വൈകിട്ടാണ് അഫ്സലിനെ കമലേശ്വരം ഹയർ സെക്കൻഡറി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്. അഫ്സലിനെ തടഞ്ഞ് നിറുത്തി അക്രമിസംഘം കാലിൽ വെട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരിമഠം സ്വദേശി അശ്വിനാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു.
അശ്വന്റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്കൂളിന് മുന്നിൽ വച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.