
പത്തനംതിട്ട: ശബരിമല കയറുന്നതിനിടയിൽ രണ്ട് തീർത്ഥാടകർ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രൻ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്. രണ്ട് അയപ്പ ഭക്തരും വ്യത്യസ്ത സ്ഥലങ്ങളിലാണ് കുഴഞ്ഞുവീണത്. ചന്ദ്രൻ പിള്ള അപ്പാച്ചിമേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്ത് വെച്ചുമാണ് കുഴഞ്ഞുവീണത്. ഇവരെ ഉടനടി പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം നടതുറന്ന ആദ്യ ദിനത്തിൽത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ബുധനാഴ്ചയാണ് ശബരിമല നട തുറന്നത്. നട തുറക്കുന്നതിന് മുൻപേ തന്നെ ഭക്തർ എത്തിച്ചേരുന്നതിനാൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ട് വരുന്നത്. വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ചും അല്ലാതെയും പതിനായിരക്കണക്കിന് ഭക്തരാണ് ദിവസവും സന്നിധാനത്തെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനായി ദിവസ വേതനത്തിൽ വിമുക്ത ഭടൻമാർ, സേനയിൽ നിന്നും വിരമിച്ച പൊലീസുകാർ, എൻസിസി കേഡറ്റുകൾ കൂടാതെ വനിതകളെ അടക്കം താത്കാലിക പൊലീസുകാരായി നിയോഗിക്കാനും സർക്കാർ തീരുമാനമെടുത്തിരുന്നു. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസുകാരെയാണ് നിലവിൽ വിന്യസിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോൾ ഡ്യൂട്ടിയിലെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലും വർധനവുണ്ടാകും. ഇതിന് പുറമേയാണ് താത്കാലിക പൊലീസുകാരെ ദിവസവേതന അടിസ്ഥാനത്തിൽ വിന്യസിക്കുന്നത്. ഡിസംബർ 27നാണ് മണ്ഡലപൂജ. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനം ജനുവരി 20ന് സമാപിക്കും