gold

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചും റിങുകളുടെ രൂപത്തിലും സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരെയാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 422 ഗ്രാം സ്വർണമാണ് മിശ്രിതമാക്കി അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 38 ലക്ഷത്തോളം മതിപ്പുള്ളതായി അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് പിടിക്കപ്പെടാതെ രക്ഷപ്പെടാനാണ് സ്വർണം അടിവസ്ത്രത്തിലൊളിപ്പിച്ചതെന്ന് പിടിയിലായ പ്രതികൾ അറിയിച്ചു. അതേ സമയം സ്വർണ്ണക്കടത്തിന് ഇത് വരെ നിലവിലില്ലാത്ത പുതിയ വഴികൾ കടത്തുകാർ ഉപയോഗിക്കുന്നത് തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണ്ണത്തിന്റെ ഒഴുക്കിന് യാതൊരു കുറവും വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽ നിന്നും തുടർച്ചയായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അനധികൃത സ്വർണം പിടികൂടി വരികയാണ്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുന്നതായിരുന്നു അടുത്തകാലം വരെയുള്ള രീതി. എന്നാൽ അതെല്ലാം പിടിക്കപ്പെട്ടതോടെയാണ് പുതിയ മാർഗങ്ങൾ തേടുന്നത്. അടുത്തിടെ ചെരുപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതും തോർത്തിൽ മുക്കിയും പാന്റിന്റെ സിബിനോട് ചേർത്തുവച്ച് കടത്താൻ ശ്രമിച്ചതും പിടികൂടിയിരുന്നു. വായിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ കരിപ്പൂരിൽ നിന്ന് പൊലീസാണ് പിടികൂടിയത്.