
ബീജിംഗ് : താൻ വളർത്തുന്ന ചെമ്മരിയാടുകൾ പ്രകടമാക്കിയ വിചിത്ര സ്വഭാവത്തിൽ പരിഭ്രാന്തനായിരിക്കുകയാണ് ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിലെ ഒരു കർഷകൻ. സാധാരണ ഒന്നിനുപിറകെ ഒന്നായി കൂട്ടത്തോടെ പോകുന്നവരാണ് ചെമ്മരിയാടുകൾ എന്ന് നമുക്കറിയാം. എന്നാൽ ചൈനീസ് കർഷകന്റെ ഫാമിലെ നൂറിലേറെ ചെമ്മരിയാടുകൾ തുടർച്ചയായി നടന്നത് 12 ദിവസമാണ്. 12 ദിവസവും ഈ ചെമ്മരിയാടുകൾ ഫാമിനുള്ളിൽ വട്ടംചുറ്റുകയായിരുന്നു എന്നതാണ് വിചിത്രം. ഫാമിലെ സിസിടിവിയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. ഒരു ചൈനീസ് മാദ്ധ്യമമാണ് ഈ വീഡിയോ പുറത്തുവിട്ടത്. ബുധനാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. ചെമ്മരിയാടുകൾ വട്ടംചുറ്റുന്നത് നിറുത്തിയോ എന്ന് വ്യക്തമല്ല. ചെമ്മരിയാടുകൾ സൂപ്പർ ബാറ്ററി ഘടിപ്പിച്ചപോലെ തളരാതെ ദിവസങ്ങളോളം വട്ടം ചുറ്റിയത് എന്ത് കൊണ്ടാണെന്നും വ്യക്തമല്ല. ഇടയ്ക്ക് ചില ചെമ്മരിയാടുകൾ വട്ടംചുറ്റൽ നിറുത്തി വൃത്താകൃതിയിലെ പാതയ്ക്കുള്ളിൽ നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഉടൻ തന്നെ ഇവ മറ്റുള്ളവയ്ക്കൊപ്പം ചേർന്ന് വട്ടംചുറ്റൽ തുടരുന്നു. നവംബർ 4 മുതലാണ് ഈ വിചിത്ര സംഭവം ആരംഭിച്ചത്. അതേ സമയം, 30ലേറെ കൂടുകളുള്ള ഫാമിൽ നൂറുകണക്കിന് ചെമ്മരിയാടുകൾ വേറെയുമുണ്ട്. 13ാം നമ്പർ കൂട്ടിൽ മാത്രമാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ചെമ്മരിയാടുകൾക്ക് ലിസ്റ്റെറിയോസിസ് എന്ന ബാക്ടീരിയൽ രോഗമാണോ എന്ന സംശയമുണ്ട്. സർക്കിളിംഗ് ഡിസീസ് എന്നും ഈ രോഗം അറിയപ്പെടുന്നു. വിഷാദം പോലുള്ള അവസ്ഥ പ്രകടമാക്കുന്ന ചെമ്മരിയാടുകൾ വട്ടത്തിൽ കറങ്ങുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. രോഗം ഗുരുതരമായാൽ ഇവയ്ക്ക് 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാം.