arya-rajendran

തിരുവനന്തപുരം:മേയറുടെ കത്ത് വിവാദം കത്തുന്നതിനിടെ, ഇന്ന് വൈകിട്ട് ചേരുന്ന പ്രത്യേക നഗരസഭാ കൗൺസിൽ യോഗം സംഘർഷഭരിതമായേക്കും. ആരോപണ വിധേയയായ മേയർ ആര്യാ രാജേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കരുതെന്നാണ് പ്രതിപക്ഷ നിലപാട്. സംഘർഷ സാഹചര്യമുണ്ടായാൽ, എൽ.ഡി.എഫിന്റെ വനിതാ കൗൺസിലർമാർ മേയർക്ക് പ്രതിരോധം തീർക്കണമെന്ന് സി.പി.എം നിർദ്ദേശിച്ചു.

കൗൺസിൽ യോഗത്തിന് മുന്നോടിയായി ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന എൽ.ഡി.എഫ് കൗൺസിലർമാരുടെ യോഗത്തിലാണ് നിർദ്ദേശം.

മേയറുടെ കത്ത് വിവാദത്തിൽ പ്രതിപക്ഷം സമരം പൊളിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ്, ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇടത് കൗൺസിലർമാരുടെ യോഗം ചേർന്നത്. വൈകിട്ട് മൂന്നിന് സി.പി.എം കൗൺസില‌ർമാരുടെയും, നാലിന് ശേഷം എൽ.ഡി.എഫ് കൗൺസിലർമാരുടെയും യോഗം ചേർന്നു. മന്ത്രി വി.ശിവൻകുട്ടി, മുൻ മേയർ സി.ജയൻബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിപക്ഷം എത്ര പ്രകോപനം സൃഷ്ടിച്ചാലും എൽ.ഡി.എഫ് പുരുഷ കൗൺസിലർമാർ സംയമനം പാലിക്കണം. അരുതാത്ത ഒരു പ്രകോപനവും തിരിച്ചു ഉണ്ടാകരുത്.എന്തെങ്കിലും സംഭവിച്ചാൽ അത് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്ന സാഹചര്യമുണ്ടെന്നും നേതാക്കൾ പറഞ്ഞു. മേയറുടെ കത്ത് വ്യാജമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്ന് നഗരസഭാ സ്പെഷ്യൽ കൗൺസിലും ഊന്നിപ്പറയാനാണ് ഭരണപക്ഷത്തിന് നിർദ്ദേശം. മേയറുടെ കത്ത് വിവാദത്തിലെ സത്യങ്ങൾ പുറത്തുകാട്ടാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കാമ്പെയിൻ നടത്തുന്നതിന്റെ തുടക്കം നഗരസഭയിൽ നിന്ന് ആരംഭിക്കാനാണ് പദ്ധതി. ഭരണപക്ഷത്തു നിന്നുതന്നെ, മേയർക്കെതിരെ എതിർ സ്വരങ്ങൾ നേരത്തേ ഉയർന്നിരുന്നു. കൗൺസിൽ യോഗത്തിൽ ഇത് പ്രകടമാക്കാതെ ഒറ്റക്കെട്ടയായി നിൽക്കണമെന്നാണ് നിർദേശം.