
തിരുവനന്തപുരം: നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകൾ ചോദിച്ചു വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ലക്കി ബിൽ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക നൽകാതെ ധനകാര്യ വകുപ്പ്.
കിളിമാനൂർ പുതിയകാവ് ചിത്തിരയിൽ സുനിൽ കുമാറാണ് സമ്മാനത്തുകയായ പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി ജി.എസ്.ടി വകുപ്പിന്റെ ഓഫീസിൽ കയറിയിറങ്ങുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ടെക്സ്റ്റയിൽസിൽ നിന്ന് സുനിൽ കുമാർ വസ്ത്രങ്ങൾ വാങ്ങിയിരുന്നു.സെപ്തംബർ ആറിനാണ് പ്രൈസ് അടിച്ചതായി ലക്കി ബിൽ ആപ്ലിക്കേഷനിൽ നോട്ടിഫിക്കേഷൻ വന്നത്. പിറ്റേ ദിവസത്തെ പത്രങ്ങളിൽ സർക്കാർ പരസ്യവും നൽകിയിരുന്നു.
മുപ്പത് ദിവസത്തിനുള്ളിൽ സമ്മാനത്തുക ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ജി.എസ്.ടി ഓഫീസിൽ ചെന്നപ്പോൾ സാമ്പത്തിക പ്രതിസന്ധി പറഞ്ഞു സുനിൽകുമാറിനെ മടക്കി അയയ്ക്കുകയായിരുന്നു. ഒരാഴ്ച മുൻപ് അന്വേഷിച്ചപ്പോഴും ലഭിക്കുമെന്ന വിവരമാണ് പറഞ്ഞത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച പദ്ധതികളായ ലക്കി ബംബറും, പ്രതിമാസ നറുക്കെടുപ്പുമെല്ലാം മുടങ്ങിയിരിക്കുകയാണ്.