sexual-assault

കൊച്ചി: പ്ളസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്.

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ അദ്ധ്യാപകൻ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിരൺ ഒളിവിലാണ്.

അതേസമയം,​ കോഴിക്കോട് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ കഴിഞ്ഞ ദിവസം അറസ്‌റ്റിലായി. അത്തോളി കൊടശേരി തോട്ടോളി സ്വദേശിയായ അബ്‌ദുൾ നാസർ (52) എന്നയാളാണ് പിടിയിലായത്. ആൺകുട്ടികളെയും ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളെയും ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു എന്നുള‌ള പരാതികളിലായിരുന്നു അറസ്‌റ്റ്.

ചൈൽഡ്‌ലൈൻ ഈ കുട്ടികളിൽ നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തുവന്നത്. കൂടുതൽ വിദ്യാർത്ഥികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കുട്ടികൾ നൽകുന്ന വിവരം. ഇക്കാര്യം ഉറപ്പിക്കാൻ അബ്‌ദുൾ നാസർ പഠിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കാനാണ് ചൈൽഡ് ലൈൻ തീരുമാനം.