
ശബരിമല സീസണിൽ വ്യാജ വെളിച്ചെണ്ണ വിപണി കീഴടക്കാതിരിക്കാൻ പരിശോധന ശക്തമാക്കി സർക്കാർ. മായം കലർന്ന വെളിച്ചെണ്ണ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. . രണ്ട് ദിവസത്തിനുള്ളിൽ 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി . വ്യാജൻമാർക്ക് നോട്ടീസ് നൽകി. പിഴയും ചുമത്തി.
കാൻസറിന് കാരണമായേക്കാവുന്ന പാരഫിൻ ചേർത്ത അന്യസംസ്ഥാന വെളിച്ചെണ്ണ വിപണിയിൽ സുലഭമായിരുന്നു. പരിശോധന ശക്തമാക്കിയതോടെ പുതിയ വ്യാജനായി കടലയെണ്ണയും അയഡിനും ചേർന്ന വെളിച്ചെണ്ണ എത്തി. കോട്ടയത്ത് കഴിഞ്ഞ ദിവസം ഈ വ്യാജനെ പിടികൂടിയിരുന്നു. എന്നാൽ ഇത് വിറ്റ മില്ലുടമയ്ക്ക് പിഴ വിധിച്ചതിനപ്പുറം കട അടപ്പിക്കലോ മറ്റു നടപടിയോ ഉണ്ടായില്ല.
പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, പാം ഓയിൽ, ആർജിമോൺ ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ വിവിധ തരം എണ്ണകളും വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. പെട്രോളിയം സംസ്കരണത്തിനിടെ ലഭിക്കുന്ന പാരഫിൻ പോലുള്ള ഉപോത്പന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. വെളിച്ചെണ്ണയുടെ അളവു കൂട്ടാനും ആട്ടുമ്പോൾ പരമാവധി ഊറ്റിയെടുക്കാനും ഉപയോഗിക്കുന്ന ഹെക്സൈൻ എന്ന രാസവസ്തുവും ഇതു പോലെ തന്നെയാണ്.
മായം കണ്ടെത്താം
ചില്ലു ഗ്ളാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം . ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പു നിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്. കെമിക്കൽ ട്രീറ്റുമെന്റുകളും രാസമാലിന്യങ്ങളും തിരിച്ചറിയണമെങ്കിൽ വിശദമായ ലാബ് പരിശോധന വേണം
ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നു
ബ്രാൻഡ് രജിസ്‌ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും എടുക്കണമെന്ന് കർശന നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. ബ്രാൻഡ് രജിസ്‌ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയാനും പിടിച്ചെടുത്ത് നിയമ നടപടിയ്ക്ക് വിധേയമാക്കാനും ഇതു വഴി കഴിയും. എണ്ണയിൽ സൾഫറിന്റെ സാന്നിദ്ധ്യം പരിശോധിക്കുന്നുണ്ട്. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.