satyendar-jain

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി സർക്കാരിലെ മന്ത്രിയുമായ സത്യേന്ദർ ജയിനിന് തീഹാർ ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി വിമർശനം. കട്ടിലിൽ കിടക്കുന്ന മന്ത്രിയ്ക്ക് മസാജ് ചെയ്തുകൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്. സെപ്തംബർ 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവം വിവാദമായതിന് പിന്നാലെ എ എ പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തി. ശിക്ഷയ്ക്ക് പകരം സത്യേന്ദർ ജയിനിന് വി വി ഐ പി പരിഗണനയാണ് ലഭിക്കുന്നത്. തീഹാർ ജലിലിനുള്ളിൽ മസാജ്. എ എ പി സർക്കാരിന്റെ കീഴിലുള്ള ജയിലിൽ ഗുരുതരമായ നിയമലംഘനം നടക്കുന്നുവെന്നും ഷെഹ്‌സാദ് പൂനവാല ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ആരോപിച്ചു.

So instead of Sazaa - Satyendra Jain was getting full VVIP Mazaa ? Massage inside Tihar Jail? Hawalabaaz who hasn’t got bail for 5 months get head massage !Violation of rules in a jail run by AAP Govt

This is how official position abused for Vasooli & massage thanks to Kejriwal pic.twitter.com/4jEuZbxIZZ

— Shehzad Jai Hind (@Shehzad_Ind) November 19, 2022

എല്ലാ നിയമങ്ങളും ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. ഇത് ആം ആദ്‌മി പാർട്ടിയുടെ യഥാർത്ഥ മുഖമാണ് കാണിക്കുന്നത്. ഇത്തരമൊരു മന്ത്രിയെ പ്രതിരോധിക്കാൻ കേജ്രിവാളിന് സാധിക്കുമോ? മന്ത്രിയെ പിരിച്ചുവിടാൻ കഴിയില്ലേയെന്നും പൂനവാല ചോദിച്ചു.

One more

All rules thrown to the dustbin!

VVIP treatment in jail! Can Kejriwal defend such a Mantri? Should he not be sacked ?

This shows true face of AAP!

Vasooli & VVIP Massage inside Tihar Jail! Tihar is under AAP govt pic.twitter.com/psXFugf7t5

— Shehzad Jai Hind (@Shehzad_Ind) November 19, 2022

അതേസമയം, സംഭവത്തിൽ ബി ജെ പിയെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തുവന്നു. ഡൽഹിയിലെയും ഗുജറാത്തിലെയും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ബി ജെ പി വിലകുറഞ്ഞ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് മനീഷ് സിസോദിയ പറഞ്ഞു.

ജയിനിന് ജയിലിനുള്ളിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി ഒക്‌ടോബർ അവസാനത്തോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഡൽഹിയിലെ സ്‌പെഷ്യൽ കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു.

അജ്ഞാതരായ ആളുകൾ നിരോധിത സമയത്തിന് ശേഷവും ജയിലിനുള്ളിൽ ജയിനിന് മസാജ് ചെയ്യുന്നു. പ്രത്യേക ആഹാരം നൽകുന്നു. ജയിൻ കൂടുതൽ സമയം ആശുപത്രിയിൽ കഴിയുന്നു. അല്ലാത്ത സമയങ്ങളിൽ ജയിലിനുള്ളിൽ വിവിധ സൗകര്യങ്ങൾ ആസ്വദിക്കുന്നു. ജയിനിന്റെ ഭാര്യ പൂനം ജയിൻ അനുവദിച്ചിരിക്കുന്ന സമയപരിധിയ്ക്ക് ശേഷവും ജയിനുമായി സമയം ചെലവഴിക്കുന്നു. ജയിൽ സൂപ്രണ്ട് ദിവസേന ജയിനിനെ സന്ദർശിക്കുന്നതായും ഇഡി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇഡിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡൽഹി ചീഫ് സെക്രട്ടറിയോട് ആരാഞ്ഞിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം 2017ൽ സി ബി ഐ സമർപ്പിച്ച എഫ്‌ ഐ ആറിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെയിനെയും മറ്റ് രണ്ട് പേരെയും മേയ് 30 നാണ് ഇഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നാല് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. ഇഡി കേസുമായി ബന്ധപ്പെട്ട് ജയിൻ സമർപ്പിച്ച ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി നവംബർ 17ന് തള്ളിയിരുന്നു. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് തടയാൻ ജയിൻ ബോധപൂർവ്വം ശ്രമങ്ങൾ നടത്തിയെന്നാണ് കോടതി വിലയിരുത്തിയത്.