 
ലോകകപ്പ് വോളണ്ടിയർമാരായി തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിലെ 30 പൂർവ വിദ്യാർത്ഥികൾ
ദോഹ: ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും സ്വന്തം നാട്ടിലെന്നപോലെയാണ് തൃശൂർ എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ക്യു ഗെറ്റിലെ അംഗങ്ങൾക്ക്. ക്യു ഗെറ്റിലെ 30 പേരാണ് ഈ ഖത്തർലോകകപ്പിൽ വോളണ്ടിയർമാരായി സേവനം അനുഷ്ഠിക്കുന്നത്. ഖത്തറിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ലോകകപ്പിന്റെ സന്നദ്ധ സേവകരുടെ റോളിൽ അഭിമാനപൂർവം അണിനിരക്കുന്നത്.
ലോകകപ്പിന്റെ നടത്തിപ്പിന് സംഘാടകരെയും ടീമുകളെയും സ്പോൺസർമാരെയും കാണികളെയും സഹായിക്കുകയാണ് വോളണ്ടിയർമാരുടെ ദൗത്യം.വിമാനത്താവളം മുതൽ സ്റ്റേഡിയങ്ങളിലും ഫാൻ സെന്ററുകളിലും ടീം ഹോട്ടലുകളിലുമെല്ലാം വോളണ്ടിയർമാരുടെ സഹായമുണ്ട്.
കുറഞ്ഞത് 10 ഷിഫ്റ്റുകളിൽ സേവനമനുഷ്ഠിച്ചാൽ ഫിഫയുടെ പ്രശസ്തി പത്രം ലഭിക്കും.
2021 ഡിസംബറിൽ ദോഹയിൽ നടന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ വോളണ്ടിയർമാരായി ക്യൂ ഗെറ്റ് അംഗങ്ങളായ പത്തുപേരുണ്ടായിരുന്നു. ആ അനുഭവങ്ങൾ കൂട്ടായ്മയിൽ പങ്കുവച്ചപ്പോഴാണ് ലോകകപ്പിൽ വോളണ്ടിയർമാരാകാൻ കൂടുതൽ പേർ മുന്നോട്ടുവന്നത്. ക്യൂഗെറ്റ് കൂട്ടായ്മയിൽ നിന്നുമാത്രം നൂറിൽപ്പരം അപേക്ഷകളാണ് നൽകിയത്. നാൽപ്പതോളം പേരെ അഭിമുഖത്തിനു വിളിക്കുകയും 30 പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഒക്ടോബർ അവസാന ആഴ്ചമുതൽ ഇവർ ഡ്യൂട്ടിയിലാണ്.
തൃശൂർ സ്വദേശിയായ ഡയസ് തോട്ടാനാണ് ക്യു ഗെറ്റ് വോളണ്ടിയേഴ്സ് കോ ഓർഡിനേറ്റർ.1993 മെക്കാനിക്കൽ എൻജിനീയറിംഗ് ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഡയസ് ലോകകപ്പ് വേദിയായ അൽ തുമാമ സ്റ്റേഡിയത്തിലെ ലീഗൽ ഡിപ്പാർട്ട്മെന്റ് വോളണ്ടിയറാണ്. 2020ലെ ഫിഫ ക്ളബ് ലോകകപ്പിലും 2021ലെ അറബ് കപ്പിലും വോളണ്ടിയറായിരുന്നു. 1980 സിവിൽ എൻജിനീയറിംഗ് ബാച്ചിലെ മുഹമ്മദ് ആർ.ഫൈസലാണ് കൂട്ടായ്മയിൽ
നിന്നുള്ള ഏറ്റവും സീനിയർ വോളണ്ടിയർ.
ക്യു ഗെറ്റ്
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിന്റെ ഖത്തർ ഘടകം. 500 ഓളം അംഗങ്ങളുണ്ട്. 1991ഡിസംബർ 19 നാണ് രൂപീകൃതമായത്. സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ്. ഖത്തർ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും പ്രവർത്തനങ്ങളിലും ക്യു ഗെറ്റിന്റെ നിറസാന്നിദ്ധ്യമുണ്ടാകാറുണ്ട്.