maanasa-gopal

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫുഡ് ഡെലിവറി നടത്തി റെക്കാർഡിട്ട് യുവതി. നാല് ഭൂഖണ്ഡങ്ങളും മുപ്പതിനായിരം കിലോമീറ്ററുകളും താണ്ടി സിംഗപൂരിൽ നിന്ന് അന്റാർട്ടിക്കയിൽ ആഹാരത്തിന്റെ പാക്കറ്റ് എത്തിച്ചാണ് യുവതി ലോകത്തെ ഞെട്ടിച്ചത്. സിംഗപൂരിൽ താമസിക്കുന്ന ചെന്നൈ സ്വദേശിനിയായ മാനസ ഗോപാലാണ് കൈയടി നേടുന്നത്.

ആഹാര പാക്കറ്റുമായി കാടും മലയും മഞ്ഞും പുഴയുമൊക്കെ താണ്ടി മാനസ യാത്രചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മാനസ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സിംഗപൂരിൽ നിന്ന് വിമാനമാർഗം ഹാംബർഗിലെത്തി അവിടെനിന്ന് ജർമനി വഴി അർജന്റീനയിലെത്തി. അവസാനം അന്റാർട്ടിക്കയിലെത്തി തന്റെ കസ്റ്റമറിന് പാക്കറ്റ് കൈമാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുപ്പതിനായിരത്തിലധികം കിലോമീറ്ററുകളും നാല് ഭൂഖണ്ഡങ്ങളും കടന്ന് ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ ഒന്നിലേക്ക് സിംഗപൂരിലെ രുചികൾ എത്തിക്കുകയെന്നത് എപ്പോഴും സാദ്ധ്യമായ ഒന്നല്ല എന്ന അടിക്കുറിപ്പോടെയാണ് മാനസ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Maanasa Gopal (@nomadonbudget)

അൻപതിനായിരത്തോളം വ്യൂസാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. അവിശ്വസനീയം എന്നും ഭ്രാന്തമായ തീരുമാനമെന്നും ചിലർ കമന്റ് ചെയ്തു.എന്നാൽ എന്താണ് ഡെലിവറി ചെയ്തതെന്നാണ് മിക്കവാറും പേർക്ക് അറിയേണ്ടിയിരുന്നത്.

അന്റാർട്ടിക്കയിൽ പര്യവേഷണം നടത്തുന്നതിനായി 2021ൽ പണം സ്വരൂപിക്കാൻ ആരംഭിച്ചതായി മറ്റൊരു കുറിപ്പിൽ മാനസ വെളിപ്പെടുത്തി. ഇതിനായി സ്‌പോൺസർ ചെയ്യുന്നതിനായി ഒരു ബ്രാൻഡിന്റെ സഹായം തേടുകയായിരുന്നു മാനസ. കഴിഞ്ഞ മാസം ഫുഡ് പാണ്ട എന്ന ബ്രാൻഡിൽ നിന്ന് മറുപടി ലഭിച്ചതായും ഇതിലൂടെ ഏറെ നാളത്തെ സ്വപ്നം സഫലീകരിക്കാൻ സാധിച്ചതായും മാനസ വെളിപ്പെടുത്തി.