modi

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ വാരണാസിയിൽ ഒരു മാസം നീളുന്ന കാശി തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളുടെ ആഘോഷമാണ് സംഗമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശിയുടെയും തമിഴ്നാടിന്റെയും സംഗമം ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനം പോലെ പരിശുദ്ധമാണ്. കാശി ഇന്ത്യയുടെ ആത്മീയ സാംസ്കാരിക തലസ്ഥാനമാണെങ്കിൽ ഇന്ത്യയുടെ പഴക്കമുള്ള ചരിത്രമാണ് തമിഴ്നാടിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബനാറസിലെ ആംഫി തിയേറ്റർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരുക്കുറൾ, കാശി-തമിഴ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും മോദി നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. തമിഴ്നാട്ടിലെ മാതാ ക്ഷേത്രങ്ങളിലെ മഠാധിപന്മാരെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പുരാതനമായ ബന്ധം പുനരുജ്ജീവിപ്പിക്കാനും ആഘോഷിക്കാനുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

തമിഴ്നാടിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന പ്രദർശനവും സംഗമത്തിന്റെ ഭാഗമായി നടക്കും. സംഗമത്തിന്റെ ഭാഗമായി 51 സാസ്കാരിക പരിപാടികളും സംഘടിപ്പിക്കും. തമിഴ്നാട്ടിൽ നിന്നുള്ള 2500ലധികം പ്രതിനിധികൾ വാരണാസി സന്ദർശിക്കുകയും സെമിനാറുകളിൽ പങ്കെടുക്കുകയും ചെയ്യും. പണ്ഡിതന്മാർ,​ വ്യാപാരികൾ,​ കരകൗശല വിദഗ്ദ്ധർ തുടങ്ങിയവർക്ക് അവരവരുടെ അറിവ്,​ സംസ്കാരം എന്നിവ പങ്കിടാനുള്ള അവസരവും സംഗമമൊരുക്കും. ഇരു പ്രദേശങ്ങളിലെയും കൈത്തറി,​ കരകൗശല വസ്തുക്കൾ,​ പുസ്തകങ്ങൾ,​ ഡോക്യുമെന്ററികൾ,​ പാചകരീതികൾ,​ കലാരൂപങ്ങൾ,​ ചരിത്രം,​ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ പ്രദർശനവും നടക്കും.

 സംഗീത സംഗമവുമായി ഇളയരാജ

കാശി തമിഴ് സംഗമത്തിന് മാറ്റു കൂട്ടി സംഗീത സംവിധായകൻ ഇളയ രാജയുടെ ഗാനാലാപനം.  സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇളയരാജയും സംഘവും ഗാനങ്ങളാലപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ചടങ്ങിന് സാക്ഷിയായി.